ചിലി: ഒരു കന്യാസ്ത്രീയുടെ ഗര്‍ഭം ചിലിയില്‍ ക്രൈസ്തവ സഭയെ പിടിച്ചുലയ്ക്കുന്നു. മഠത്തില്‍ ജോലിക്കു വന്ന ആളുടെ ബലാത്സംഗത്തിനിരയായാണ് കന്യാസ്ത്രീ പ്രസവിച്ചത്. മഠത്തിലെ മറ്റ് അന്തേവാസികള്‍ സംഭവം അറഞ്ഞപ്പോള്‍ കന്യാസ്ത്രീയെ നിര്‍ബന്ധിച്ചു പുറത്താക്കി. മഠത്തില്‍ നിന്നു പുറത്തു വന്ന ഈ കന്യാസ്ത്രീ ആര്‍ച്ച് ബിഷപ്പിനെതിരെയും സെന്റ് ക്ലയര്‍ സന്യാസിസഭയ്‌ക്കെതിരെയും കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം വിവാദമായത്.
കന്യാസ്ത്രീയുടെ വിശുദ്ധ ഗര്‍ഭക്കേസില്‍ സാന്റിയാഗോ ആര്‍ച്ചു ബിഷപ്പ് കോടതി കയറേണ്ടി വരുമെന്ന അവസ്ഥായാണിപ്പോള്‍. ബലാത്സംഗപ്രശ്‌നത്തില്‍ കന്യാസ്ത്രീ കുറ്റക്കാരിയാണെന്ന നിലപാടാണ് സന്യാസിസഭ സ്വീകരിച്ചത്. 2012ലാണ് സംഭവങ്ങള്‍ക്കു തുടക്കം. ആ വര്‍ഷമാണ് ഇരുപതാമത്തെ വയസില്‍ ഈ പെണ്‍കുട്ടി സഭയില്‍ കന്യാസ്ത്രീയായി എത്തിയത്. മഠത്തില്‍ ജോലികള്‍ക്കായി വന്നവരെ അവിടെത്തന്നെ താമസിക്കാന്‍ അനുവദിച്ചു. ഇവരില്‍ ഒരാളാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തത്.
നാണക്കേടു ഭയന്ന് ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ അന്തേവാസികള്‍ അറിഞ്ഞു. സ്ത്രീയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സഭ സ്വീകരിച്ചത്. മഠത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി അവിടെ പ്രസവിച്ചു. പിന്നീട് ദത്തെടുക്കല്‍ കേന്ദ്രത്ത്‌നു കുഞ്ഞിനെ കൈമാറി. ഒരു അഭിഭാഷകന്‍ മുഖാന്തിരം നിയമനടപടികളുമുമായി സ്ത്രീ മുന്നോട്ടു പോയി. നാലു വര്‍ഷത്തെ കോടതി നടപടികള്‍ക്കൊടുവില്‍ ബലാത്സംഗം ചെയ്തയാളെ കുറ്റക്കാരാനാണെന്നു കണ്ട് അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
താനല്ല കുറ്റക്കാരിയെന്ന് സഭ തുറന്നു പറയണം എന്നാണ് ഇപ്പോള്‍ കന്യാസ്ത്രീയുടെ ആവശ്യം. അന്ന് എന്നെയാണ് സഭ പഴിച്ചത്. ഇരയായ എന്നെ മഠത്തില്‍ നിന്ന് പുറത്താക്കി. ഇതിനെല്ലാം സഭ മാപ്പു പറയണം, സ്ത്രീ പറയുന്നു.
കേസില്‍ നിന്ന് എങ്ങിനെ രക്ഷപെടാം എന്നാലോചിക്കുകയാണ് സഭ. കുറ്റം മറച്ചു വെച്ചതിനും അക്രമത്തിന് ഇരയായ സ്ത്രീയെ സംരക്ഷിക്കാതിരുന്നതിനും ക്രിമിനല്‍ നടപടിക്കു സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇത്ര വിശദമായി സംഭവത്തെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് അറിഞ്ഞതെന്ന വിശദീകരണവുമായി അദ്ദേഹത്തിന്റെ വക്താവ് രംഗത്തെത്തയിട്ടുണ്ട്.