ബംഗാളിലെ പരാജയം: ഇടത് മുന്നണിയില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്ന് വിശദീകരണവുമായി മുന്നണി ചെയര്‍മാന്‍

ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും പുറകില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഇടത് മുന്നണി. മുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. മോശം സംഘടന സംവിധാനവും മുന്നണിയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ചോര്‍ച്ചയും കാരണമാണ് മുന്നണിക്ക് പരാജയമേല്‍ക്കേണ്ടി വന്നതെന്ന് ബിമന്‍ ബസു പറഞ്ഞു.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും ചിലയിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. ഇപ്പോള്‍ ലഭിച്ച രണ്ടാം സ്ഥാനത്തോടെ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയാവാനുള്ള മത്സരത്തില്‍ ഒരടി മുന്നോട്ട് വച്ചു. തെരഞ്ഞെടുപ്പ് നടന്ന കാന്തി സൗത്ത് മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐഎമ്മില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്ന് ബിമന്‍ ബസു പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി 17,423 വോട്ടാണ് നേടിയത്. എസ്‌യുസിഐ സ്ഥാനാര്‍ത്ഥി 1476 വോട്ടുകള്‍ നേടി. ബിെജപി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 30 ശതമാനം വോട്ടാണ് നേടിയത്. സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വോട്ടുമറിച്ചതായി മമത ബാനര്‍ജി ആരോപിച്ചിരുന്നു.

24 ശതമാനം വോട്ടാണ് ഇടത് മുന്നണിക്ക് കുറഞ്ഞത്. മികച്ച നേതൃത്വത്തിന്റെ അഭാവമാണ് ഇടത് മുന്നണി നേരിടുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം പോയതോടെയാണ് മുന്നണിയുടെ തകര്‍ച്ച ആരംഭിക്കുന്നത്. ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകര്‍ പോയി. പിന്നീട് ബിജെപിയിലേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രവര്‍ത്തകരെ ചോര്‍ത്താന്‍ തുടങ്ങിയതോടെ വലിയ ശോഷണമാണ് സിപിഐമ്മിന്റെ അടിത്തറക്ക് സംഭവിച്ചതെന്നും മുതിര്‍ന്ന ഒരു സിപിഐഎം നേതാവ് പറഞ്ഞു.

Top