ന്യൂഡല്‍ഹി: കോൺഗ്രസിലെ വിമത തീപ്പൊരി എം എൽ എ അതിഥി സിംഗ് തിരിച്ചടി തുടങ്ങി .നെഹ്‌റു കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി അതിഥി സിംഗ് പരസ്യമായി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഥി സിംഗ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കത്ത് നല്‍കി.ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണ് കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ ട്രസ്റ്റിന് 100 കോടി രൂപ വിലമതിക്കുന്ന ഭൂമി അനുവദിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ കോണ്‍ഗ്രസാണ് ഈ ഭൂമി കൈകാര്യം ചെയ്യുന്നത്. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും വനിതാ കോളേജ് നിര്‍മ്മിക്കാനാവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ സൊസൈറ്റിയ്ക്ക് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും ഇതിന് പിന്നില്‍ മറ്റുപല താത്പ്പര്യങ്ങളുമായിരുന്നു ഉണ്ടായിരുന്നതെന്നും അതിഥി സിംഗ് ആരോപിച്ചു. 30 വര്‍ഷ കാലയളവിലാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതിന് ശേഷം അവര്‍ ഭൂമി കൈക്കലാക്കിയെന്നും മറ്റ് പലര്‍ക്കും മറിച്ചുവിറ്റുവെന്നും അതിഥി സിംഗ് ആരോപിച്ചു.
ഷീല കൗള്‍, യശ്പാല്‍ കപൂര്‍, ഉമാ ശങ്കര്‍ ദീക്ഷിത് എന്നിവരാണ് കമല്‍ നെഹ്‌റു എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കള്‍. അന്തരിച്ച ഷീല കൗളിന്റെ മക്കളായ വിക്രം കൗള്‍, ഗൗതം കൗള്‍ എന്നിവരാണ് ഇപ്പോള്‍ സൊസൈറ്റി നടത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിനാണ് നിലവില്‍ ട്രസ്റ്റിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ഭൂമി ഇടപാടിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസിന് വേണ്ടി ഭൂമി കണ്ടെത്താനായി ഒരു കൂട്ടം ആളുകളെ ചുമതലപ്പെടുത്തിയ സംഭവം ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ബിജെപി നേതാവ് ടോം വടക്കന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സോണിയ ഗാന്ധിയുടെ കാലത്ത് മാത്രമല്ല സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്ക് ഉത്തർപ്രദേശിലേക്ക് മടങ്ങിവരുന്നതിന് കോൺഗ്രസ് ബസുകൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് കോൺഗ്രസ് എംഎൽഎ അതിഥി സിംഗ് പാർട്ടിയുടെ നോട്ടപ്പുള്ളിയാവുന്നതും പിന്നീട് വിമതയാകുന്നതും . രാജസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 1000 ബസുകൾ അയച്ചത്. എന്നാൽ ഈ ബസുകളെ അതിർത്തി കടക്കാൻ യുപി സർക്കാർ അനുവദിച്ചില്ല. സംഭവത്തിലെ രാഷ്ട്രീയം ക്രൂരമായ തമാശയെന്ന് വിശേഷിപ്പിച്ചാണ് അതിഥി സിംഗിന്റെ ട്വീറ്റ് പുറത്തുവന്നത്.
കോൺഗ്രസ് അയച്ച 1000 ബസുകളിൽ പകുതിയോളവും വ്യാജനായിരുന്നുവെന്നും 297 എണ്ണം ഉപയോഗശൂന്യവും 98 എണ്ണം ഇരുചക്ര വാഹനങ്ങളും ആംബുലൻസുകളും ആയിരുന്നു. 68 ബസുകൾക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ല. ഇത്തരം ഒരു ദുരന്തത്തിന്റെ സമയത്ത് ഇത്തരത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കേണ്ട എന്ത് ആവശ്യമാണുള്ളതെന്നുമാണ് ഹിന്ദിയിൽ അതിഥി സിംഗ് ട്വീറ്റ് ചെയ്തത്. ഇതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അതിഥി സിംഗിനെതിരെ ശക്തമായ എതിർപ്പ് ഉയരുകയായിരുന്നു. കോൺഗ്രസിനേക്കാൾ അതിഥിയുടെ പരാമർശം ആഘാതമേൽപ്പിച്ചത് കോൺഗ്രസിന്റെ യുപി അധ്യക്ഷ പ്രിയങ്കാ ഗാന്ധിയെയാണ്.ഈ സംഭവത്തോടെ കോൺഗ്രസ് ഐടി സെൽ #jaichandini എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. 12ാം നൂറ്റാണ്ടിലെ കണ്ണൌജ് ഭരണാധികാരിയായിരുന്ന ജയ്ചന്ദിന്റെ പെൺരൂപമാണ് അതിഥിയെന്നാണ് കോൺഗ്രസ് ഐടി സെൽ വിശേഷിപ്പിച്ചത്. യുദ്ധപ്പോരാളിയായിരുന്ന പൃഥ്വിരാജ് ചൌഹാനെ ഒറ്റിക്കൊടുത്തതിൽ അവർ പ്രശ്സ്തയായിരുന്നു.
2016ലാണ് ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അതിഥി സിംഗ് മത്സരിക്കുന്നത്. പിതാവ് അഖിലേഷ് സിംഗ് സ്ഥാനാർത്ഥിയാവുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് അതിഥി രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഇത് അക്കാലത്ത് പലരെയും അത്ഭുതപ്പെടുത്തി. അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് അഖിലേഷ് സിംഗ്. കോൺഗ്രസുമായുള്ള ബാന്ധവം ഉപേക്ഷിച്ചെങ്കിലും മറ്റൊരു പാർട്ടിയിലും അദ്ദേഹം ചേർന്നില്ല. സിംഗ് ഒരു പഴയ യുദ്ധപ്പോരാളിയായിരുന്നു. അതുകൊണ്ട് തന്നെ റായ്ബറേലിയിൽ നിന്ന് അദ്ദേഹത്തിന്റെ അനുഗ്രഹമില്ലാതെ വിജയിക്കുക അത്ര എളുപ്പമല്ലായിരുന്നു.
വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ അതിഥി സിംഗിനെ പുറംനാട്ടുകാരിയായാണ് ജനങ്ങൾ കണ്ടത്. എന്നാൽ കഠിനാധ്വാനം കൊണ്ട് പിതാവിന്റെ പേരിനൊപ്പം ഉയർന്നുവരാൻ അതിഥിക്ക് കഴിഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഥിയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും ബറേലിയിലെത്തിയിരുന്നു. നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ ആഹ്വാനം നിരാകരിച്ച് സഭാ നടപടികളിൽ പങ്കെടുത്ത സംഭവത്തിൽ അതിഥിക്ക് കാരണം കാണിക്കൽ നോട്ടീസും ലഭിച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൽ 370 റദ്ദാക്കിയ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അതിഥി രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ ചരിത്രപരമായ നീക്കമെന്നാണ് ഇതിനെ അതിഥി വിശേഷിപ്പിച്ചത്.കോൺഗ്രസ് ഉത്തർപ്രദേശിലേ കേന്ദ്രത്തിലോ അധികാരത്തിലെത്തുമെന്ന് കരുതിയിരുന്ന സമയത്താണ് അതിഥി സിംഗ് കോൺഗ്രസിൽ ചേരുന്നത്. സമാജ് വാദി പാർട്ടി പോലുള്ള മറ്റ് പാർട്ടികളിൽ ചേരാമായിരുന്നിട്ടും താൻ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് അതിഥി പറയുന്നത്. അന്ന് ചെയ്തത് ശരിയായ കാര്യമാണ്. നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടപ്പോഴും ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ശരിയായ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നാണ് അതിഥി ചൂണ്ടിക്കാണിച്ചത്. അതിനേക്കാളധികം പൊതുജനങ്ങളോടുള്ള ഭരണഘടനാപരമായ കർത്തവ്യമാണെന്നും അതിഥി കൂട്ടിച്ചേർത്തു. ഒരു നിയമസഭാ സാമാജികനെയും നിയമസഭയിൽ പോകുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ആർക്കും എന്നെ തടയാൻ കഴിഞ്ഞില്ല. ഞാൻ തിരഞ്ഞെടുക്കപ്പെട്ടതാണെന്നും അതിഥി വ്യക്തമാക്കി.