‘ചുവന്ന തെരുവ്’ കാണാന്‍ അനുവദിക്കാത്തതിന് പൊലീസിനെ അക്രമിച്ചു; അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാരെ പാകിസ്താന്‍ നാടുകടത്തി 

ഇസ്ലാമാബാദ്: അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാരെ പാകിസ്താന്‍ നാടുകടത്തി. ഖനേവാലില്‍ വേശ്യാലയം സന്ദര്‍ശിക്കുന്നതില്‍ തടഞ്ഞ പൊലീസുകാരെ ചൈനീസ് എഞ്ചിനീയര്‍മാര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാടുകടത്തല്‍ നടപടി. ലാഹോറിലെത്തിച്ച ചൈനക്കാരെ അവിടെ നിന്ന് ചൊവ്വാഴ്ച ചൈനയിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ഷു ലിബിംഗ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ടിയാന്‍ വെയിജുന്‍, മറ്റീരിയല്‍ ആന്റ് എക്യുപ്‌മെന്റ് എഞ്ചിനീയര്‍ വാംഗ് യിഫാന്‍, ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് മാനേജര്‍ വാംഗ് യിഫാന്‍, ഫീല്‍ഡ് എഞ്ചിനീയര്‍ ടാന്‍ യാംഗ് എന്നിവരെയാണ് നാടുകടത്തിയത്. ചൈനക്കാര്‍ സുരക്ഷ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായാണ് പാകിസ്താന്‍ ആരോപിക്കുന്നത്. തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും പുറത്തുനിന്നുള്ളവര്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങളെ കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയതിലും ചൈനക്കാര്‍ അസംതൃപ്തരായിരുന്നു. പ്രത്യേക സുരക്ഷാ വിഭാഗം ജീവനക്കാരെ തങ്ങളുടെ ക്യാമ്പിന് പുറത്ത് നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ നാലിന് ചൈനീസ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ചൈനീസ് ഉദ്യോഗസ്ഥര്‍ പൊലീസ് ക്യാമ്പിന് പുറത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന് ചൈനീസ് എഞ്ചിനീയര്‍മാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം സ്വീകരിച്ചില്ല.

Top