നട്ടെല്ലിന് പരിക്കേറ്റ് കിടപ്പു രോഗികളാകുന്നവർക്ക് ഇനി ആശ്വാസം: നൂതന സ്പൈനൽ റീഹാബ് യൂണിറ്റ് സർക്കാർ ആരോഗ്യമേഖലയിലും

ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേൽക്കുന്ന പരിക്കിനാൽ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സർക്കാർ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മർ) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയിൽ സ്പൈൻ ഇൻജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.

നട്ടെല്ലിനുണ്ടാകുന്ന പരിക്കിനെ തുടർന്ന് ഭൂരിഭാഗം പേരും കിടപ്പുരോഗികളാകുന്ന സാഹചര്യമാണ് രാജ്യത്താകെയുള്ളത്. പരിക്കുകൾക്കായി ചികിത്സ പൂർത്തിയാക്കുമെങ്കിലും ശേഷമുള്ള റീഹാബിലിറ്റേഷൻ നടപടികൾ കാര്യക്ഷമായി നടക്കാറില്ല. വെല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ചില വൻകിട സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രമാണ് നിലവിൽ സ്പൈനൽ ഇൻജ്വറി റീഹാബ് യൂണിറ്റുകളുള്ളത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ പൂർണമായ റീഹാബിലിറ്റേഷൻ സാധ്യമാകാറുമില്ല. മാത്രമല്ല സാധാരണക്കാർക്ക് ലഭ്യമാകാത്ത വിധം ചെലവേറിയതുമാണ്. ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി പൂർത്തിയാക്കുന്നുണ്ടെങ്കിലും ഇവരിൽ പലർക്കും പരാശ്രയമില്ലാതെ ദൈനംദിന ജീവിതം സാധ്യമാകാറില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനാപകടങ്ങളിലുൾപ്പടെ യുവാക്കളാണ് നട്ടെല്ലു തകർന്നുള്ള പരിക്കുകൾക്ക് വിധേയമാകുന്നവരിൽ കൂടുതൽ. പലരും കുടുംബത്തിന്റെ തന്നെ അത്താണിയായിട്ടുള്ളവരുമാകും. ചികിത്സയ്ക്കു ശേഷം കിടപ്പു രോഗികളാകുന്നതോടെ കുടുംബത്തിന്റെ താളം പോലും തെറ്റുന്ന സാഹചര്യമുണ്ടാകുക പതിവാണ്. ഇതിനൊരു പരിഹാരമാണ് നിപ്മറിലെ സ്പൈനൽ ഇൻജ്വറി റീഹാബ് യൂണിറ്റ്. ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി, ഒക്യൂപേഷനൽ തെറാപ്പി എന്നിവയിലൂടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ അനുയോജ്യമായ തൊഴിലിലേക്കിവരെ കൈടിപിടിച്ചുയർത്തുന്നതു വരെയുള്ള സേവനമാണ് സ്പൈനൽ ഇൻജ്വറി ഡെഡിക്കേറ്റഡ് യൂണിറ്റിലൂടെ നിപ്മർ ലക്ഷ്യം വയ്ക്കുന്നത്.ദീർഘ കാലം വേണ്ടിവരുന്ന ചികിത്സാച്ചിലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ട രോഗികൾക്ക് സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ സഹായവും ലഭ്യമാക്കും.

പരിക്കിനെ തുടർന്ന് രോഗിയിലുണ്ടാകുന്ന സ്വയംപര്യാപ്തതയ്ക്കായി ആദ്യ ആറു മാസത്തിനുള്ളിൽ തന്നെ ചികിത്സ തുടങ്ങുന്നതാണ് ഉചിതമെന്ന് നിപ്മർ സ്പൈനൽ ഇൻജ്വറി യുണിറ്റ് മേധാവി ഡോ. സിന്ധുവിജയകുമാർ പറഞ്ഞു.പ്രസ്തുത കാലയളവാണ് വീണ്ടെടുക്കലിന് (neuroplastictiy) അനുയോജ്യമായത്. പരമാവധി രണ്ടു വർഷത്തിനുള്ളിലെങ്കിലും റീഹാബ് ട്രീറ്റ്മെന്റ് തുടങ്ങണമെന്നും ഇവർ.

നട്ടെല്ലിനു പരിക്കേറ്റാൽ ശരീരം തളർന്നു പോകുന്ന സാഹചര്യമാണുണ്ടാകുക. കൈ-കാൽ ചലിപ്പിക്കുന്നതിനും മലമൂത്രവിസർജനം നടത്തുന്നതിനും അസാധ്യമായിരിക്കും. സാധാരണ ഇതിനായി കാലങ്ങളോളം ട്യൂബിടുന്ന(Clean Intermittent Catheterization) സാഹചര്യമാണുള്ളത്. ഇത് ശരീരത്തിലുണ്ടാകുന്ന ആർജിത കഴിവിനെ നിർജീവമാക്കും. ഫിസിയോതെറാപ്പിയ്ക്കു പുറമെ ഒക്യുപേഷനൽ തെറാപ്പിയും മറ്റു പരീശീലനങ്ങളും ലഭ്യമാക്കുക വഴി രോഗിയെ സ്വതന്ത്രമായി പ്രാഥമിക കാര്യങ്ങൾ ചെയ്യാനും കഠിനമായ കായിക സ്വഭാവമില്ലാത്ത ജോലികളിലേക്കെത്തിക്കാനും കഴിയും. ഇതിനായി കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ച മെഡിക്കൽ സോഷ്യൽ വർക്കർ മാരുടെ സേവനവും സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷനുവേണ്ടി സൈക്കോളജി വിഭാഗവും നിപ്മറിൽ പ്രവർത്തിക്കുന്നുണ്ട്.

Top