കൊച്ചി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മല കയറാനെത്തിയ രഹ്ന ഫാത്തിമ അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയില്‍ നിന്നാണ് രഹ്നയെ ഇന്ന് അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന കേസിലാണ് അറസ്റ്റ്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ അന്ന് കേസെടുത്തത്. കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ് ഭസ്മവും രുദ്രാക്ഷവുമിട്ട് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടിരുന്നു.
താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.