രാജ്യത്തെ ബ്രോഡ്ബാന്റ് കണക്ഷന്‍ വിപണിയുടെ 39.36 ശതമാനവും സ്വന്തമാക്കി റിലയന്‍സ് ജിയോയുടെ മുന്നേറുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഈ വര്‍ഷത്തെ ഫെബ്രുവരിയിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
വയര്‍ കണക്ഷനുകളും വയര്‍ലെസ്സ് കണക്ഷനും ഉള്‍പ്പെടുത്തിയാണ് ട്രായ് ബ്രോഡ്ബാന്റ് കണക്ഷനുകളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 512 കെബിപിഎസ് വേഗതയുള്ള കണക്ഷനുകളെയാണ് ട്രായ് ബ്രോഡ്ബാന്റായി കണക്കാക്കുന്നത്.
4ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിലൂടെ മാത്രം നെറ്റ് നല്‍കുന്ന റിലയന്‍സ് ജിയോ ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. പത്ത് കോടിയിലേറെ ബ്രോഡ്ബാന്റ് ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്.
രാജ്യത്ത് ആകെ 26.131 കോടി ബ്രോഡ്ബ്രാന്റ് ഉപയോക്താക്കളാണ് ഉള്ളത്. മൊബൈല്‍ കണക്ഷനും വയര്‍ കണക്ഷനും നല്‍കുന്ന എയര്‍ടെല്‍ ആണ് ജിയോയ്ക്ക് പിന്നില്‍ രണ്ടാമത്. 4.67 കോടി ഉപയോക്താക്കളാണ് (17.87 ശതമാനം) കമ്പനിയ്ക്കുള്ളത്.
വോഡഫോണ്‍ (12.27 ശതമാനം), ഐഡിയ (9.30 ശതമാനം), ബിഎസ്എന്‍എല്‍ (7.69 ശതമാനം) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മറ്റെല്ലാ ബ്രോഡ്ബാന്റ് ദാതാക്കള്‍ക്കും കൂടി 13.24 ശതമാനം കണക്ഷനുകളാണുള്ളത്.
വയര്‍ലെസ്സ് (മൊബൈല്‍) ബ്രോഡ്ബാന്റ് കണക്ഷനുകള്‍ മാത്രമെടുത്താല്‍ 10.28 കോടി ഉപയോക്താക്കളുള്ള ജിയോയ്ക്ക് പിന്നില്‍ എയര്‍ടെല്ലിനു തന്നെയാണ് (4.46 കോടി) രണ്ടാംസ്ഥാനം. വോഡഫോണ്‍ (3.20 കോടി), ഐഡിയ (2.43 കോടി), ബിഎസ്എന്‍എല്‍ (1.40 കോടി) എന്നിവരാണ് പിന്നില്‍.
വയര്‍ കണക്ഷനുകള്‍ വഴി ബ്രോഡ്ബാന്‍ഡ് നല്‍കുന്നവരില്‍ 99.5 ലക്ഷം ഉപയോക്താക്കളുമായി ബിഎസ്എന്‍എല്‍ ആണ് ഒന്നാമത്. 20.70 ലക്ഷം ഉപയോക്താക്കളുമായി എയര്‍ടെല്‍ രണ്ടാമതുണ്ട്. എസിടി ഫൈബര്‍നെറ്റ് (11.40 ലക്ഷം), എംടിഎന്‍എല്‍ (10.30) ലക്ഷം, യു ബ്രോഡ്ബാന്‍ഡ് (6.20 ലക്ഷം) എന്നിവരാണ് പിന്നീടുള്ളത്.