
സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്ന മത ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. രോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാന്‍ സാധ്യതയുള്ള ചടങ്ങുകളെ വിലക്കാനാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ വിലക്കാന്‍ ശ്രമിക്കുന്നത്. കുര്‍ബാനയാണ് ഇതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ചടങ്ങ്.
അപ്പവും മറ്റും വായില്‍ വച്ചു നല്‍കുന്ന കുര്‍ബാന പോലുള്ള ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതില്‍ എടുത്തുപറഞ്ഞിട്ടില്ല.
‘ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്‌സ് ഫോര്‍ പ്രിവന്റിങ് പേഴ്സണ്‍ ടു പേഴ്സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാം.
നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ചയായിരുന്നു. കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവര്‍ത്തകരും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.
നിയമം നിലവില്‍വന്നാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകള്‍ നിരോധിക്കാം. ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനല്‍കാനും വ്യവസ്ഥ.
ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയില്‍ കേരളവും ഉള്‍പ്പെട്ടതോടെയാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ വൈദികരുടെ കൈയില്‍ ഉമിനീര്‍ പുരളാന്‍ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാള്‍ക്കും അപ്പം നല്‍കുന്നത് അണുബാധസാധ്യത വര്‍ധിപ്പിക്കുന്നു. ചില ക്രൈസ്തവസഭകള്‍ ഇപ്പോള്‍ത്തന്നെ അപ്പം കൈകളില്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്.
എന്നാല്‍ മതചടങ്ങുകള്‍ക്ക് വൃത്തിയുടേയും രോഗത്തിന്റെയും പേരില്‍ വലിക്കേര്‍്പപെടുത്തുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ വെളിപ്പെടുത്തുന്നു. കാര്യമായ ശ്രദ്ധയോ നിരീക്ഷണമോ ഉറപ്പാക്കുന്നതിന് പകരം വിലക്കേര്‍പ്പെടുത്തുന്നത് വിശ്വാസികള്‍ക്ക് നീതീകരിക്കാനാവില്ലെന്നും അഭിപ്രായമുണ്ട്.