റിമാൻഡ് പ്രതി മരിച്ച സംഭവം: സി.ബി.ഐ അന്വേഷണം സ്വാഗതാർഹം: യൂത്ത് കോൺഗ്രസ്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (37) മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ഒരു സാധാരണക്കാരനെ പൊലീസ് കസ്റ്റഡിയിൽ വച്ചു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത് ഒരു പരിഷ്‌കൃത സമൂഹത്തിനും ചേർന്നതല്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ ഷെഫീഖിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. മുൻപ് സമാന സംഭവങ്ങളിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോൾ വീണ്ടും ലോക്കപ്പുകൾ കൊലക്കളമാകുന്നതിന്റെ കാരണം. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.
കൊല്ലപ്പെട്ട റഫീഖിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമര രംഗത്തുണ്ടായിരുന്നു. സാധാരണക്കാരനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ സമരത്തിൽ മുന്നിൽ നിന്ന എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും അഭിമാനിക്കാവുന്ന തീരുമാനമാണ് ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്നത്. സമരത്തിൽ ആദ്യാവസാനം പങ്കെടുത്ത് കുടുംബത്തിനു നീതിയ്ക്ക് അവസരം ഒരുക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അഭിനന്ദിച്ചു.

Top