അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടില്‍ ആശങ്കയറിയിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്. പദ്ധതി വരുത്തിവെക്കാവുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചും പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തെ കുറിച്ചുമാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ആശങ്കപ്പെടുന്നത്.
ഒബാമ കെയറിന് പകരം ട്രംപ് പ്രഖ്യാപിച്ച പുതിയ ആരോഗ്യ പദ്ധതി നേരിയ ഭൂരിഭക്ഷത്തില്‍ പ്രതിനിധി സഭയില്‍ പാസായിരുന്നു. എന്നാല്‍ ബില്ലിന് കടുത്ത വെല്ലുവിളിയാകും സെനറ്റില്‍ നേരിടുക എന്നതിന് ശക്തി പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. സെനറ്റില്‍ നിലവില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ ബില്ലില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് ട്രംപിന് ഇപ്പോള്‍ തലവേദനായിരിക്കുന്നത്.
പദ്ധതി വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കാന്‍ സാധ്യതയുണ്ടെന്നും ബില്ലിന് അംഗീകാരം ലഭിച്ചാല്‍ തന്നെ സമീപകാലത്ത് ഇത് നടപ്പാകുക പ്രയാസമാകുമെന്നുമാണ് ചില റിപ്പബ്ലിക്കന്‍സെനറ്റര്‍മാര്‍ പറയുന്നത്. സെനറ്റില്‍ ഡെമോക്രാറ്റിക് പ്രതിനിധികള്‍ ഇതിനെ എതിര്‍ക്കുമെന്നതില്‍ സംശയമില്ല. പ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പ്രതിനിധികള്‍ ആരും ട്രംപിന്റെ പുതിയപദ്ധതിയെ അനുകൂലിച്ചിരുന്നില്ല. ചില റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പുതിയ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.
213 വോട്ടുകള്‍ക്കെതിരെ 217 വോട്ട് മാത്രം നേടിയാണ് പ്രതിനിധി സഭയില്‍ ബില്‍ പാസായത്. പ്രതിനിധി സഭയില്‍ ലഭിച്ച പിന്തുണ സെനറ്റിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈറ്റ് ഹൗസ്. ഓസ്‌ട്രേലിയയില്‍ നടപ്പാക്കിയ ആരോഗ്യസംവിധാനം അമേരിക്കയേക്കാള്‍ മികച്ചതാണെന്ന് ട്രംപ് വിലയിരുത്തുന്നുണ്ടെങ്കിലും സമാനമായ രീതിയില്‍ അമേരിക്ക നടപ്പാക്കില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചു.