ദില്ലി: വായ്പാ നയത്തില്‍ കാര്യമായ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ഭവന, വാഹന വായ്പാ പലിശ നിരക്കിലും മാറ്റമില്ല.
റിവേഴ്സ് റിപ്പോ നിരക്ക് നിലവിലുള്ള 6 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനത്തില്‍ തുടരാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. നാണയപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു നിരക്കു കുറയ്ക്കലിന് റിസര്‍വ് ബാങ്ക് മുതിരാതിരുന്നത്. റീടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 5.39 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. മൊത്ത വില പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. 2015 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 7.2% എന്ന നിലയില്‍നിന്നാണു വലിയ നേട്ടമുണ്ടാക്കിയത്. ഇതിനൊപ്പം വരും വര്‍ഷം മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം കൂടിയാകുമ്പോള്‍ കാര്‍ഷിക മേഖലയിലടക്കം അഭിവൃദ്ധി പ്രതീക്ഷിക്കുന്നുണ്ട്.