തിരുവനന്തപുരം: പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിശാന്തും ഷാനിലയും മല ചവിട്ടിയെന്ന് വെളിപ്പെടുത്തല്‍. പോലീസിന്റെ ആസൂത്രിതമായ നീക്കത്തിലാണ് ഇരുവരും ദര്‍ശനം നടത്തിയത്.
ആദ്യം പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങി. എന്നാല്‍ രണ്ടാമതും എത്തി. അത് പോലീസുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ദര്‍ശനം നടത്താന്‍ എത്തുന്നു എന്ന വാര്‍ത്ത പൊലീസ് തന്നെ പുറത്തു വിട്ടു. മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും നിലയ്ക്കലില്‍ ഇവരെ പ്രതീക്ഷിച്ച് നില്‍ക്കവേ ഇരുവരുമായി സാദൃശ്യമുള്ള രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇവരുടെ വേഷത്തില്‍ പൊലീസ് തിരിച്ചയച്ചു. തുടര്‍ന്നാണ് ഇരുവരും തിരിച്ചു പോയെന്ന് മാധ്യാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും ഇവര്‍ക്കു പിന്നാലെ പാഞ്ഞപ്പോള്‍ യുവതികളെയും കൊണ്ട് പൊലീസ് സന്നിധാനത്തെത്തുകയായിരുന്നു. ഇരുവരും പതിനെട്ടാം പടി ചവിട്ടാതെയാണ് ദര്‍ശനം നടത്തി മടങ്ങിയത്.
സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ് തന്നെ കറുപ്പണിഞ്ഞ് മാലയിട്ട് വ്രതമനുഷ്ടിച്ച ഇരുവരെയും സന്നിധാനത്ത് എത്തിക്കണമെന്നതായിരുന്നു പൊലീസിന്റെ അജണ്ട. വിശ്വാസികളായ സ്ത്രീകളും മല ചവിട്ടിയെന്ന് കോടതിയെ അറിയിക്കാന്‍ ഇവരുടെ ശബരിമല ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടി. ഇവര്‍ ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും സമ്മതമില്ലാതെ അത് പുറത്തു വിടില്ലെന്നാണ് നിലപാട്. ഇരുവരുടെയും വീടിന് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെടുന്നത് വരെ സംരക്ഷണം തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.