ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ് റിമാന്‍ഡില്‍, കൊട്ടാരക്കര ജയിലിലേക്ക് മാറ്റും

പത്തനംതിട്ട: ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രതീഷിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതീഷ് വിശ്വനാഥിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതീഷ് വിശ്വനാഥിനൊപ്പം മറ്റു 18 സംഘപരിവാര്‍ പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊട്ടാരക്കര ജയിലിലേക്കാണ് തന്നെ കൊണ്ടുപോകുന്നതെന്ന് പ്രതീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്.

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ശബരിമലയിലെ അക്രമസംഭവത്തില്‍ പ്രതീഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് അഭിഭാഷകനായ സുഭാഷ് എന്നയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

നേരത്തെ തന്നെ കേരളത്തില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് കലാപത്തിന് ശ്രമിക്കുന്നെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്റെ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ നിരവധിപേരുടെ ഫോണ്‍ നമ്പര്‍ കളക്ട് ചെയ്യുകയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കകുയും ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തിയത്.

Top