കൊച്ചി: പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി റിമാകല്ലിങ്കല്‍. അല്‍ഫോണ്‍സിനെതിരെ മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുന്നതിനെ വിമര്‍ശിച്ചാണ് റിമ രംഗത്തെത്തിയിരിക്കുന്നത്. ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രനേക്കുറിച്ച് നുണക്കഥകള്‍ എഴുതുന്നതെന്ന് റിമ ആരോപിച്ചു. ഇത് അല്‍ഫോന്‍സിന്റെ വിജയത്തിന്റെ തുടക്കമാണ്, റിമ തന്റെ ഫേസ്ബുക്കില്‍ പേജില്‍ എഴുതുന്നു.
പ്രസിദ്ധനോ, പണക്കാരനോ അല്ലെങ്കില്‍ ഈ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കില്ലെന്ന് അവര്‍ അല്‍ഫോന്‍സിനെ ഓര്‍മ്മിപ്പിക്കുന്നു. അല്ലെങ്കില്‍ മരിക്കണം. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പ്രേമം സിനിമ കാണാനായി താന്‍ കാത്തിരിക്കുകയാണെന്നും താരം എഴുതുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി റിമ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തു വന്നപ്പോളായിരുന്നു പുത്രന്‍ മാധ്യമപ്രവര്‍ത്തകരുമായി ഇന്നലെ കോര്‍ത്തത്.
വ്യാജ പതിപ്പ് പ്രചരിച്ച വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതിനേക്കുറിച്ചുള്ള ചോദ്യമാണ് പുത്രനെ പ്രകോപിതനാക്കിയത്. സിനിമ ചോര്‍ത്തിയത് താനാണെന്ന റിപ്പോര്‍ട്ടുകള്‍ അല്‍ഫോണ്‍സ് നിഷേധിച്ചു. താന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു.