ന്യൂഡല്‍ഹി: ജാമിയ മിലിയ അക്രമ സംഭവത്തില്‍ പോലീസിനോട് കേസെടുക്കരുതെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി .പൗരത്വ ഭേദഗതി നിയമത്തില്‍ ക്യാംപസുകളില്‍ നടന്ന അക്രമ വിഷയത്തില്‍ നിര്‍ണായക പരാമര്‍ശങ്ങളുമായി സുപ്രീം കോടതി . അക്രമത്തില്‍ ബസ് കത്തിച്ചത് ആരാണെന്ന് കോടതി ചോദിച്ചു.ആരെങ്കിലും കുറ്റം ചെയ്താല്‍ പോലീസിന് നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോടതി സൂചിപ്പിച്ചു. സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. എസ്എ ബോബ്‌ഡെ,ബിആര്‍ ഗവി, സൂര്യകാന്ത് എന്നിവരടങ്ങിയ മൂന്നംഗ ഡെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
പോലീസ് അക്രമം കാണിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അക്രമത്തിനിടെ പോലീസാണ് ബസ് കത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് കോടതിയെ ബോധിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ വേട്ടയാടിയെന്നും, ഇത് ഒരു ജസ്റ്റിസ് അധ്യക്ഷനായ അന്വേഷണ കമ്മറ്റി അന്വേഷിക്കണമെന്നും അഭിഭാഷക വാദിച്ചു.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് തീരുമാനമെടുക്കാനാവില്ല. ബസുകള്‍ കത്തിക്കുന്നത് കോടതി കണ്ടു, അക്രമവും കണ്ടു. രാജ്യത്താകമാനം നടക്കുന്ന അന്വേഷണത്തില്‍ കോടതിക്ക് എങ്ങനെ അന്വേഷണ കമ്മിഷനെ വെക്കാന്‍ സാധിക്കുമെന്നും കോടതി സമരക്കാരോട് ചോദിച്ചു.
അതേസമയം, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരമായി ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് വിചാരണ കോടതി അല്ലെന്നും എല്ലാ ഹര്‍ജികളും പരിഗണിക്കാനാവില്ലെന്നും കോടതി സൂചിപ്പിച്ചു.ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഹൈക്കോടതിയില്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു. പരാതികളുടെ പ്രളയത്തില്‍ കടുത്ത അതൃപ്തിയാണ് ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരൊന്നും വിദ്യാര്‍ത്ഥികളെല്ല. പുറത്ത് നിന്ന് എത്തിയവരാണെന്ന് പോലീസ് കോടതിയെ ബോധിച്ചിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയിലും ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. അടിയന്തിരമായി ഇടപെടാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി അക്രമങ്ങള്‍ നിര്‍ത്തിവെക്കാനാണ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടത്.