പൂജപ്പൂര: അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുന്ന നേതാക്കള്‍ക്ക് ജയിലിലിരുന്നും എന്തുമാകാമെന്ന അവസ്ഥയാണ് കാണുന്നത്. അറസ്റ്റ് ചെയ്ത് ജയിലിലടച്ച യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റിട്ടത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയാണ്. പോലീസിന്റെയും മറ്റ് അധികൃതരുടെയും അനാസ്ഥ ഇതില്‍ നിന്നും വ്യക്തമാണ്.
നിയമസഭയിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. താന്‍ റിമാന്റിലാണെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ പൊലീസ് രാജ് അടിച്ചേല്‍പ്പിച്ചാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് റിയാസ് കുറിച്ചിരിക്കുന്നത്.
റിമാന്റിലുള്ള പ്രതിക്ക് ജയിലില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ നിയമപരമായ ഇളവില്ലെന്നിരിക്കെ റിയാസ് മുക്കോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന പോസ്റ്റിനെതിരെയാണ് വിമര്‍ശനമുയരുന്നത്.
കണ്ണൂരില്‍ ദളിത് യുവതികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് സമീപം പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും പത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.