ഫെയ്‌സ്ബുക്കിലെ ബിഎഫ്എഫ് ഹാക്കര്‍ സെക്യൂരിറ്റി ടെസ്റ്റിന് പിന്നില്‍

രണ്ടു ദിവസമായി ഫെയ്‌സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്‌സ്ബുക്കില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയത്. ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്എഫ് എന്നത് ഫെയ്‌സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമാണ്. ഫെയ്‌സ്ബുക്കില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിലുള്ള കൈപ്പത്തികള്‍(ഹൈ ഫൈവ്) പ്രത്യക്ഷപ്പെടും. ഇതൊരിക്കലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ, വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതല്ല. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, ഇന്റര്‍നെറ്റ് ബ്രൗസറോ ഫെയ്‌സ്ബുക്കോ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ടെക്‌സ്റ്റ് ഡിലൈറ്റ് പ്രവര്‍ത്തിക്കില്ലായെന്നത്. അല്ലാതെ ടെക്സ്റ്റ് ഡിലൈറ്റും അക്കൗണ്ട് ഹാക്കിംഗും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് തന്നെയാണ് വിദഗ്ദ്ധാഭിപ്രായം. കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അവ ദുരൂപയോഗം ചെയ്തു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇത്തരം മെസേജുകളും പ്രചരിക്കാന്‍ തുടങ്ങിയത്. ബിഎഫ്എഫ് കൂടാതെ ടെക്സ്റ്റ് ഡിലൈറ്റിലുള്ള മറ്റ് ഫെയ്‌സ്ബുക്ക് ഫീച്ചേഴ്‌സാണ് ബെസ്റ്റ് വിഷസ്, അഭിനന്ദനങ്ങള്‍, യു ഗോട്ട് ദിസ് തുടങ്ങിയവ. ഇവ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്കള്‍ക്ക് താഴെയോ കമന്റുകള്‍ക്ക് താഴെയോ ടൈപ്പ് ചെയ്താല്‍ ആനിമേഷന്‍സ് കാണാവുന്നതാണ്.

Top