കാസര്‍ഗോഡ്: കേരളത്തില്‍ വീണ്ടും വന്‍കവര്‍ച്ച. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുദിയക്കാല്‍, കടമ്പഞ്ചാലിലെ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. മര്‍ച്ചന്റ് നേവി ജീവനക്കാരനായ സുനില്‍കുമാറിന്റെ വീട്ടില്‍ നിന്നും 25പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും 3,500 ഡോളറും കവര്‍ന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ പ്രധാന ഭാഗമായ ഡി.വി ആറുമായാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്.
കോട്ടിക്കുളം തച്ചങ്ങാട് റോഡരുകിലാണ് കവര്‍ച്ച നടന്ന ഇരുനിലവീട്. നാലു ദിവസം മുമ്പാണ് സുനില്‍കുമാര്‍ അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യയെയും കൂട്ടി മംഗ്ളൂരുവില്‍ പഠിക്കുന്ന മകളെ കൂട്ടി കൊണ്ടുവരാനും ഭാര്യയെ ഡോക്ടറെ കാണിക്കുന്നതിനുമാണ് സുനില്‍ കുമാര്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രി 11 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ച ശേഷം കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്തു കടന്നത്. അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണ്ണവും മറ്റും. സ്ഥലം വിടുന്നതിനു മുമ്പ് സി.സി.ടി.വി ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡു ചെയ്തു വയ്ക്കുന്ന ഡി.വി.ആര്‍ ബോക്സും കൈക്കലാക്കിയാണ് സംഘം വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇരുനില വീടിന്റെ പരിസരത്തു മറ്റൊരു വീട് ഉണ്ടെങ്കിലും അവിടെ ആരും താമസമില്ല.
കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നു സംശയിക്കുന്നു. അതുകൊണ്ടാണ് തിരിച്ചറിയാതിരിക്കാന്‍ സംഘം ക്യാമറയുടെ ഭാഗവുമായി കടന്നതെന്നു സംശയിക്കുന്നു.വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒന്നര ആഴ്ചക്കിടെ മൂന്നു കവര്‍ച്ചകളാണ് ജില്ലയില്‍ നടന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചീമേനി പുലിയന്നൂരില്‍ റിട്ട: അധ്യാപികയെ കൊലപ്പെടുത്തി മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്.