
മനില: പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന റോഹിങ്ക്യൻ വംശജരെ തിരികെ മ്യാൻമാറിലേയ്ക്ക് കൊണ്ടുവരണമെന്ന് യു.എൻ. മ്യാൻമാർ ഭരണാധികാരി സൂചിയുമായി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് യുഎൻ മേധാവി ഗുട്ടെറസ് ഇക്കാര്യം ഉന്നയിച്ചത്.
മ്യാന്മർ കൂടി അംഗമായ ‘ആസിയാൻ’ മേധാവികളുടെ ഉച്ചകോടിക്കിടെയായിരുന്നു ഇത്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരിൽ അരങ്ങേറുന്ന വംശീയാതിക്രമങ്ങളിൽ ആഗോള തലത്തിൽതന്നെ സൂചിക്കു മേൽ സമ്മർദം ശക്തിപ്പെടുന്നതിനിടെയാണ് യു.എൻ സെക്രട്ടറി ജനറലിെൻറ നിർദേശം. മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുന്നതോടൊപ്പം ഇരു വിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജന ശ്രമവും അനിവാര്യമായിരിക്കുകയാണെന്ന് സൂചിയെ അറിയിച്ചതായും യു.എൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. രാഖൈൻ സംസ്ഥാനത്ത് മ്യാന്മർ സൈന്യം ബലാത്സംഗവും െകാള്ളിവെപ്പും അടക്കമുള്ള അതിക്രമങ്ങൾ തുടരുന്നതായും പലായനം നിലച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. വടക്കൻ രാഖൈനിലേക്ക് മാധ്യമപ്രവർത്തകരെയോ മനുഷ്യാവകാശ പ്രവർത്തകരെയോ അധികൃതർ കടത്തിവിടുന്നില്ല.
രാജ്യത്തു നടക്കുന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങളിൽ പ്രതികരിക്കാൻ നൊബേൽ സമ്മാന ജേതാവുകൂടിയായ സൂചി ഇതുവരെ തയാറായിട്ടില്ല. എന്നാൽ, സൂചിക്ക് അതീതമായാണ് രാജ്യത്തെ സൈന്യം പ്രവർത്തിക്കുന്നതെന്നും ദശകങ്ങളായി വൻ ശക്തിയായി തുടരുന്ന സൈന്യത്തെ 2015ലെ തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയിട്ടും വരുതിയിൽ ആക്കാൻ സൂചിക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.