പാസ്‌കര്‍ നുണ പറയുകയാണ് !!ബാലണ്‍ ഡിയോര്‍ തലവനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലിസ്ബന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് വീണ്ടും ബലോന്‍ ദി ഓര്‍ പുരസ്‌കാരം. ബാര്‍സിലോണ വിട്ട് പാരീസ് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മെസ്സി തന്റെ എഴാം ബലോന്‍ ദി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. ബാഴ്‌സലോണ താരവും സ്‌പെയിന്‍ ദേശീയ ടീം അംഗവുമായ അലക്‌സിയ പുറ്റെലാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. ബയേണ്‍ മൂണിക് താരവും പോളണ്ട് ദേശീയ താരവുമായ റോബര്‍ട്ട് ലവന്റഡവ്‌സ്‌കിയെ പിന്തള്ളിയാണ് മെസ്സി ഇത്തവണയും പുരസ്‌കാരം സ്വന്തമാക്കിയത്. ഇറ്റാലിയന്‍ താരം ജോര്‍ജീന്യോയാണ് മുന്നാം സ്ഥാനത്ത്. സ്‌പെയിന്‍-ബാഴ്‌സലോണ താരം പെദ്രി മികച്ച യുവതാരമായപ്പോള്‍ ലെവന്‍ഡോവ്‌സ്‌കി മികച്ച സ്‌ട്രൈക്കറായും ഇറ്റലി -പിഎസ്ജി താരം ജിയാന്‍ല്യൂജി ഡൊന്നരുമ്മ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

ലയണല്‍ മെസ്സിയുടെ ഏഴാം ബാലണ്‍ ഡിയോര്‍ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. വിമര്‍ശിച്ചവര്‍ക്കും മെസ്സി യുഗം അവസാനിച്ചുവെന്ന് വിധിയെഴുതിയവര്‍ക്കും മുന്നിലൂടെ തന്റെ രാജകീയമായ തിരിച്ചുവരവ് കാട്ടിക്കൊടുത്തിരിക്കുകയാണ് മെസ്സി. ചിരവൈരിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചിത്രത്തിലേ ഇല്ലാതാക്കിയാണ് മെസ്സി ഏഴാം ബാലണ്‍ ഡിയോര്‍ സ്വന്തമാക്കിയത്. മെസ്സിയുടെ പുരസ്‌കാര നേട്ടം ഫുട്‌ബോള്‍ ലോകം കൈയടിച്ച് അഭിനന്ദിക്കവെ ബാലണ്‍ ഡിയോര്‍ നല്‍കുന്ന മാഗസീന്റെ എഡിറ്ററെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫ്രഞ്ച് മാഗസീനായ ഫ്രാന്‍സ് ഫുട്‌ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെരേക്കെതിരെയാണ് റൊണാള്‍ഡോ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെസ്സി നേടുന്നതിനെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് പാസ്‌കല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. പാസ്‌കല്‍ പറയുന്നത് പച്ച കള്ളമാണെന്നാണ് റൊണാള്‍ഡോയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമിലെ റൊണാള്‍ഡോയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

‘മെസ്സിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ നേടി വിരമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പാസ്‌കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള വിശദീകരണമാണിത്. അദ്ദേഹം ജോലി ചെയ്യുന്ന മാഗസീന്റെ പ്രചാരണത്തിനായും പ്രശസ്തിക്കായും എന്റെ പേര് ദുരുപയോഗം ചെയ്തു. . ഫ്രാന്‍സ് ഫുട്‌ബോളിനെയും ബാലണ്‍ ഡിയോറിനെയും പൂര്‍ണ്ണ ആദരവോടെ കാണുന്ന ആളാണ് ഞാന്‍. ആ എന്നോട് ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചടങ്ങില്‍ ഞാന്‍ പങ്കെടുക്കാത്തതിനെതിരേ മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന തരത്തില്‍ അവതരിപ്പിച്ച് വീണ്ടും കള്ളം പറയുകയാണ്. എന്റെ കരിയറിന്റെ ആരംഭം മുതലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ പേരില്‍ ആരും വിജയം നേടിയാലും ഞാന്‍ പ്രശംസിക്കും.

ഞാന്‍ ഒരാള്‍ക്കും എതിരല്ലെന്നതിനാല്‍ത്തന്നെയാണ് അങ്ങനെ ചെയ്യുന്നത്. ഞാന്‍ കളിക്കുന്ന ക്ലബ്ബിനുവേണ്ടിയും എനിക്കുവേണ്ടിയും എന്റെ ആരാധകര്‍ക്കുവേണ്ടിയുമാണ് ഞാന്‍ വിജയങ്ങള്‍ നേടുന്നത്. മറ്റൊരാള്‍ക്കും എതിരല്ല ഞാന്‍. ദേശീയ ടീമിനായും ക്ലബ്ബിനായും കഴിയാവുന്നത്ര കിരീടം നേടിക്കൊടുക്കുകയെന്നതാണ് ലക്ഷ്യം. ഫുട്‌ബോള്‍ താരമാവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ലൊരു മാതൃകയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എന്റെ പേര് എഴുതിച്ചേര്‍ക്കുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അടുത്ത മത്സരം കളിക്കുന്നതിലാണ് ശ്രദ്ധ എന്നു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. ഞങ്ങളുടെ ആരാധകര്‍ക്കൊപ്പം ഈ സീസണ്‍ കീഴടക്കാന്‍ കഴിയും. അതിനു ശേഷമുള്ളതെല്ലാം അതിന് ശേഷം മാത്രമാണ്’ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ വളര്‍ന്ന് റയല്‍ മാഡ്രിഡിലേക്കെത്തിയ റൊണാള്‍ഡോ അവരുടെ സൂപ്പര്‍ താരമായി മാറി.

പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയ റൊണാള്‍ഡോ ഈ വര്‍ഷം വീണ്ടും യുണൈറ്റഡിലേക്കെത്തുകയായിരുന്നു. നിലവില്‍ അഞ്ച് ബാലണ്‍ ഡിയോര്‍ പുരസ്‌കാരമാണ് റൊണാള്‍ഡോയ്ക്കുള്ളത്. അടിച്ചമര്‍ത്തപ്പെടുമ്പോഴെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന താരമാണ് റൊണാള്‍ഡോ. അതുകൊണ്ട് തന്നെ റൊണാള്‍ഡോയുടെ ശക്തമായൊരു തിരിച്ചുവരവ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ചെല്‍സി മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ എന്നിവരെയെല്ലാം മറികടന്നാണ് മെസ്സി പോയ വര്‍ഷത്തെ മികച്ച താരമായത്.

ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്കെത്തിയ ശേഷമുള്ള മെസ്സിയുടെ ആദ്യത്തെ ബാലണ്‍ ഡിയോര്‍ കിരീടമാണിത്. ആറാം സ്ഥാനത്താണ് റൊണാള്‍ഡോയ്‌ക്കെത്താനായത്. 2021ല്‍ 56 മത്സരം കളിച്ച മെസ്സി 41 ഗോളും 17 അസിസ്റ്റുമാണ് നേടിയെടുത്തത്. അര്‍ജന്റീനക്കൊപ്പം കോപ്പാ അമേരിക്ക കിരീടം ചൂടാനും മെസ്സിക്ക് സാധിച്ചു. ഏഴാം ബാലണ്‍ ഡിയോറോടെ ആധുനിക ഫുട്‌ബോളിലെ രാജാവ് താനാണെന്ന് തെളിയിക്കാന്‍ മെസ്സിക്ക് സാധിച്ചു.

Top