കണ്ണൂര്‍: തന്റേത് സിപിഎം അനുഭാവി കുടുംബമെന്ന് സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോലില്‍ കെ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ അധ്യാപിക രേഷ്മ. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാരായി രാജന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മ രംഗത്ത്. എം വി ജയരാജന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്.
അതേസമയം സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോലില്‍ കെ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് അധ്യാപിക രേഷ്മ കൂടുതല്‍ സഹായങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ പൊലീസിന്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡ് രേഷ്മ നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. രേഷ്മയുടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. നിജിലും രേഷ്മയും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹരിദാസന്‍ വധക്കേസില്‍ 14, 15 പ്രതികളാണ് നിജിലും രേഷ്മയും.
സി പി എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രേഷ്മയെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രേഷ്മ പരാതിയുമായി രംഗത്തെത്തിയത്. തന്റെയും ഭര്‍ത്താവിന്റെയും കുടുംബം സി പി എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടി അനുഭാവികളുമാണ്.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണമങ്ങള്‍ക്ക് താങ്കളുടെ പാര്‍ട്ടി അറിവോടെയാണോ എന്നറിയാന്‍ ഒരു അയല്‍ക്കാരിയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പരാതിയില്‍ രേഷ്മ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ബൈജു നാറങ്ങാത്ത്, ഡി വൈ എഫ് ഐ പിണറായി ബ്ലോക്ക് കമ്മിറ്റി അംഗം നിധീഷ് ചെള്ളത്ത് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്നും എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ആള്‍താമസമില്ലാത്ത ഈ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍ എസ് എസ് ബന്ധം വ്യക്തമാവും എന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു.
രേഷ്മയുടെ കുടുംബം സി പി എം അനുഭാവമുള്ളവരാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു. ബി ജെ പിയുടെ സ്ഥിരം അഭിഭാഷകനായ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജാരായത്. ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രേഷ്മയെ കൂട്ടികൊണ്ട് പോകാന്‍ എത്തിയതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.