ചാണകവും ഗോമൂത്രവും ചേര്‍ന്ന സോപ്പും ഫേസ്‌ക്രീമും, മോദി കുര്‍ത്തയും ഇനി ആമസോണില്‍; വിപണിയിലിറക്കുന്നത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കമ്പനി

ആഗ്ര: ചാണകത്തില്‍ നിന്ന് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. കമ്പനിയുടെ ഉത്പന്നങ്ങള്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിലൂടെ നിങ്ങളുടെ വീട്ടിലെത്തും. ആര്‍.എസ്.എസ് പിന്തുണയുള്ള ദീന്‍ ദയാല്‍ ധം എന്ന ഫാര്‍മസിയാണ് ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. പശുവിന്റെ ചാണകം കൊണ്ടുള്ള സോപ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുര്‍ത്തയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലുള്ള കുര്‍ത്തകളും ഇവര്‍ വിപണിയില്‍ എത്തിക്കും.

യു.പിയിലെ മഥുരയില്‍ ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധം ഇതിനോടകം തന്നെ രോഗശമനകാരികളായ 30 ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ കീഴിലുള്ള നെയ്ത്ത് കേന്ദ്രത്തില്‍ നിന്ന് പത്ത് തരത്തിലുള്ള തുണിത്തരങ്ങളും വിപണിയിലെത്തിക്കും. ഉല്‍പന്നങ്ങള്‍ ഓണലൈനിലൂടെ വില്‍ക്കുന്നതിലൂടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ആര്‍.എസ്.എസ് വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പന വിജയകരമായാല്‍ ഉല്‍പാദനം കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം ഒരു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ തുണിത്തരങ്ങള്‍ ഇവര്‍ വില്‍ക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമധേനു ആര്‍ക് എന്ന പേരില്‍ ഇറക്കുന്ന ഉല്‍പന്നത്തിന്റെ പ്രധാന ചേരുവ ഗോമൂത്രവും പെരുംജീരകവുമാണ്. കുരുമുളക്, നെല്ലിക്ക, തുളസി എന്നിവ ചേര്‍ത്ത് ഘനാവതി എന്ന ടോണിക്കും കമ്പനി പുറത്തിറക്കുന്നുണ്ട്. പ്രമേഹത്തിനും അമിത വണ്ണത്തിനും പരിഹാരമായി മധുനാഷക് ചര്‍ എന്ന പേരിലുള്ള മരുന്നും സന്ധിവാതത്തിന് ശൂല്‍ദാര്‍ എണ്ണയും പുറത്തിറക്കിയിട്ടുണ്ട്. ഷാംപൂ, കുളിക്കാനുള്ള സോപ്പ്,ക്രീമുകള്‍, ടൂത്ത്‌പേസ്റ്റ് എന്നിവയും പുറത്തിറക്കുന്നുണ്ട്. സോപ്പ്, ഫേസ് ക്രീം എന്നിവയുടെ പ്രധാന ചേരുവകള്‍ ഗോമൂത്രവും ചാണകവുമാണ്. കൃത്രിമ വസ്തുക്കളോ രാസപദാര്‍ത്ഥങ്ങളോ ഉപയോഗിക്കാറില്ലെന്ന് കമ്പനിയുടെ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു.

2015ല്‍ 700 കിലോഗ്രാം ച്യവനപ്രാശം കമ്പനി വിറ്റിരുന്നു. 2016ല്‍ അത് 1200 കിലോയായെന്നും ഗുപ്ത പറഞ്ഞു. കമ്പനിയുടെ എല്ലാ ഉല്‍പന്നങ്ങളുടേയും വില 10 രൂപയ്ക്കും 230 രൂപയ്ക്കും ഇടയിലാണ്. മോദി,യോഗി കുര്‍ത്തകള്‍ 220 രൂപയ്ക്ക് ലഭിക്കും.

Top