സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റബ്ബര്‍ വിലക്കുറവുനു കാരണം :ശോഭാ സുരേന്ദ്രന്‍

കടുത്തുരുത്തി: റബറിന് വിലയില്ലെന്നു പറഞ്ഞ് കണ്ണീരൊഴുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഇറക്കുമതിയിനത്തില്‍ ലഭിക്കുന്ന കോടിക്കണക്കിനു രൂപയില്‍ നിന്ന് ഒരു രൂപാ പോലും റബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. ബിജെപി കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

കേന്ദ്രസര്‍ക്കാര്‍ സ്വാഭാവിക റബറിനെയും അനുബന്ധ വ്യവസായങ്ങളെയും മെയ്ക്ക് ഇന്‍ ഇന്ത്യാ പ്രോജക്ടില്‍പെടുത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിക്കാന്‍ തയാറാകാത്തത്താണ് റബറിന്റെ വിലക്കുറിവിനു കാരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സ്വഭാവിക റബറിന്റെ ഇറക്കുമതി ചുങ്കം 15 വര്‍ഷക്കാലത്തെ യുപിഎ ഭരണകാലത്ത് 20 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് റബര്‍ ഇറക്കുമതി വലിയ അളവില്‍ ഉണ്ടായതും സ്വാഭാവിക റബറിന്റെ വിലയിടിയുകയും ചെയ്തത്. റബര്‍ കയറ്റുമതിക്കു തുരങ്കം വയ്ക്കുന്ന നിരവധി നയങ്ങള്‍ യുപിഎ ഭരണകാലത്ത് നടപ്പിലാക്കിയതും ഈ മേഖലയ്ക്കു വന്‍ തിരിച്ചടിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചു. ഇതു സ്വഭാവിക റബറിന്റെ ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിച്ചുവെന്നും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. എന്നാല്‍ വിപണിയില്‍ ഇതിന്റെ പ്രതിഫലനം പെട്ടന്ന് പ്രതിഫലിക്കാത്തത് യുപിഎ ഭരണത്തിന്റെ അവസാനകാലത്ത് ടയര്‍ കമ്പനികള്‍ക്ക് കരുതല്‍ ശേഖരമായി വന്‍തോതില്‍ സ്വഭാവിക റബര്‍ ഇറക്കുമതി ചെയ്യാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അവസരം നല്‍കിയതാണ് കാരണമെന്നും അവര്‍ ആരോപിച്ചു. റബറിന് വെറും 25 രൂപ ആയിരുന്ന സമയത്ത് അധികാരത്തിലെത്തിയ വാജ്‌പേയ് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിച്ചതിന്റെ ഫലമായി200 രൂപ വരെ ഉയര്‍ന്നു.

പിന്നീട് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് റബര്‍ കര്‍ഷകരെ തകര്‍ത്ത നയങ്ങള്‍ നടപ്പിലാക്കിയത്. റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും നിരവധി പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയാറായി നില്‍ക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി, കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പ്രോജക്ടുകള്‍ തയാറാക്കി നല്‍കാന്‍ മടിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകരോട് കാണിക്കുന്നത് കടുത്ത വഞ്ചനയാണന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. സ്വഭാവിക റബറിനെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണ്.

എന്നാല്‍ സമയബന്ധിതമായി അതിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയാറാകണമെന്നും ഇതിലൂടെ വന്‍ നേട്ടങ്ങള്‍ റബര്‍ മേഖലയ്ക്കുണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഇതിലൂടെ മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക മാന്ദ്യത്തിനു പരിഹാരമാകുമെന്നും അവര്‍ പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനു മുമ്പു മാധ്യമപ്രവര്‍ത്തകരെ കണ്ടും ഇക്കാര്യങ്ങള്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Top