റബർ വിലയിൽ വൻതകർച്ച; ഇറക്കുമതി റബർ ഇന്ത്യയിലേക്ക് ഒഴുകുന്നു

റബർ വിപണിയിൽ കനത്ത വിലത്തകർച്ച പ്രകടമായത് മലയോര മേഖലകളിൽ നിരാശ പടർത്തുന്നു. ഓഫ് സീസണിലെ ഈ വിലയിടിവ് ഭീതിയോടെയാണ് കർഷകർ നോക്കി കാണുന്നത്. ആർ.എസ്.എസ് – നാല് ഗ്രേഡ് റബറിനു കിലോയ്ക്ക് 120 രൂപ എന്ന്റബർ ബോർഡ് വില രേഖപെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ 116 രൂപക്ക് മുകളിൽ കർഷകർക്ക് കേരളത്തിൽ എവിടെയും ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ 143 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 116 രൂപയായിരിക്കുന്നത്. വാസ്തവത്തിൽ റബർ കൃഷി നടത്താൻ പറ്റാത്ത അവസ്ഥയിലായതായി കർഷകർ പറയുന്നു.ഉത്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു. സ്വന്തമായി ടാപ്പ് ചെയ്യുന്നവർക്ക് പോലും ഈ വിലയിൽ കൃഷി തുടരാൻ കഴിയില്ല. വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിട്ടു നില്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. റബർ വിപണിയെ രക്ഷപെടുത്താൻ ചെറുവിരൽ പോലും അനക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് കർഷകരിൽ വലിയ പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. വിദേശ മാർക്കറ്റുകളിൽ, പ്രത്യേകിച്ച് ബാങ്കോക് മാർക്കറ്റിൽ 111 രൂപക്ക് താഴെയാണ് വില. മാത്രവുമല്ല. ടയർ കമ്പനികൾ ഉപയോഗിക്കുന്ന എസ് എം ആർ -20 എന്ന ഗ്രേഡിന് 90 രൂപ മാത്രമാണ് വില.ഇത് മൂലം ഇറക്കുമതി റബ്ബർ വൻ തോതിൽ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. ഓഫ് സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച റബർ സ്റ്റോക്ക് ചെയ്തിരുന്ന കർഷകരും സ്റ്റോക്കിസ്റ്റുകളും കുത്തുപാളയെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു. വാസ്തവത്തിൽ റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഒന്നും ചെയ്യാത്തത് കാര്യങ്ങൾ വഷളാക്കിയിരിക്കുന്നു.അതുകൊണ്ട് കമ്പനികൾ യഥേഷ്ട്ടം റബർ ഇറക്കുമതി ചെയ്യുകയാണ്. വിലയിടിവ് തടയാൻ നടപടിയെടുക്കുമെന്ന കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാക്കുകൾ പാഴ്വാക്കായി മാറിയിരിക്കുകയാണ്. കർഷകർക്കായി ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല.റബറധിഷ്ഠിത കമ്പനികൾക്ക് അനുകൂലമായ നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചിരട്ടപാൽ [കപ്പ് ലംബ റബ്ബർ] ഇറക്കുമതി ചെയ്യുമെന്ന വാർത്തകൾ കർഷകരിൽ വലിയ ഭീതി ഉളവാക്കിയിരിക്കുകയാണ്. ഇറക്കുമതി ഉടൻ ഉണ്ടാകില്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും വിലയിടിക്കാൻ ടയർ കമ്പനികൾ ഈ വാർത്ത ഫലപ്രദമായി ഉപയോഗിക്കുകയാണ്. 2017 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 333,301 ടൺ റബർ ഇന്ത്യ ഇറക്കുമതി ചെയ്തു. ഡിസംബർ അവസാനം റബർ ബോർഡ് കണക്ക് അനുസരിച്ചു 271,000 ടൺ റബർ ഇന്ത്യയിൽ സ്റ്റോക്കുള്ളപ്പോഴാണ് ഇത്രയും റബർ ഇറക്കുമതിയായി എത്തിയത്. വൻ തോതിൽ നടക്കുന്ന ഈ ഇറക്കുമതിയാണ് ആഭ്യന്തര വിപണിയെ പാടെ തകർക്കുന്നത്. എന്നാൽ ഇത് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല.

Top