റബര്‍വിലയിടിവിനു വഴിയൊരുങ്ങുന്നു; കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു

തിരുവനന്തപുരം: റബര്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്ന നിര്‍ദേശവുമായി കേന്ദ്ര വാണിജ്യ വകുപ്പ്. റബര്‍ പാല്‍ (ലാറ്റക്‌സ്) ഇറക്കുമതി നികുതി കുറയ്ക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നല്‍കിയ ശുപാര്‍ശ റബര്‍ വിലയിടിവ് രൂക്ഷമാക്കും. 70 ശതമാനത്തില്‍നിന്നു പത്തു ശതമാനമാക്കാനുള്ള ശുപാര്‍ശ ധനവകുപ്പിനു നല്‍കി. 201617 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനാണിത്. റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. വ്യവസായത്തെ പ്രോഹത്സാഹിപ്പിക്കാന്‍ എന്ന പേരിലായതിനാല്‍ ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചേക്കും. വിവിധ വകുപ്പുകളില്‍നിന്ന് ബജറ്റ് തയാറാക്കുന്നതിനുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയാണു പതിവ്. റബറിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന വില ലഭിക്കുന്നതിനും വേണ്ടിയാണ് റബര്‍ പാല്‍ ഇറക്കുമതി ചെയ്യുന്നതിന് 70% ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കുറച്ചാല്‍ ആഭ്യന്തര വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കു റബര്‍ പാല്‍ ഇറക്കുമതി ചെയ്യാനാകും. ഇതോടെ ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുത്തനെ ഇടിയും. കര്‍ഷകര്‍ക്കു ലാഭം കിട്ടാതായതോടെ റബര്‍ ടാപ്പിങ്ങും കൃഷിയും കുറയുന്ന അവസ്ഥയാണ് കേരളത്തില്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം റബര്‍ നല്‍കുന്നത് കേരളത്തില്‍ നിന്നാണ്. ബലൂണ്‍ നിര്‍മാണ കമ്പനികള്‍, ആരോഗ്യ രംഗത്തെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍, ടയര്‍ കമ്പനികള്‍ തുടങ്ങിയവയുടെ സംഘടനകളാണ് ചുങ്കം കുറയ്ക്കാന്‍ നിവേദനം നല്‍കിയത്. റബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി 20 ശതമാനമായിരിക്കെ, റബര്‍ പാലിന്റെ നികുതി 70 ശതമാനമായി നിലനിര്‍ത്തുന്നതു പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. ഈ നികുതികളിലെ വന്‍ വ്യത്യാസം റബര്‍ അധിഷ്ഠിത വ്യവസായത്തെ നഷ്ടത്തിലാക്കുമെന്നും വ്യവസായികള്‍.

Top