കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല.ബെഹ്റ ദീര്‍ഘ അവധിയിലേക്ക്

പൊലിസിനെതിരായ സി.എ.ജിയുടെ കണ്ടെത്തലുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സി.എ.ജി റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടിയുണ്ടാകില്ലെന്ന തരത്തിലായിരുന്നു എല്‍.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. ബെഹ്റക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് ഹരജി നല്‍കി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇവിടെ അഴിമതി ആരോപണം നേരിടുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സ് അന്വേഷിച്ചാല്‍ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താനാകില്ല. അതിനാല്‍ ഡി.ജിപിക്കെതിരായ അഴിമതിയാരോപണങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് വിടണം.

ഇതാണ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. ആയുധങ്ങളും വെടിയുണ്ടകളം നഷ്ടപ്പെട്ട സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്നതായതിനാല്‍ എന്‍.ഐ.എയെകൊണ്ട് അന്വേഷിപ്പിക്കണം. അന്വേഷണത്തിന് മുന്നോടിയായി ഡി.ജി.പിയെ മാറ്റിനിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെ പ്രതിക്കൂട്ടിലായ സംഭവത്തെ ഗൌരവത്തില്‍ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.

എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ നടപടിയുണ്ടാകില്ലെന്ന സൂചനാണ് മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും നല്‍കുന്നത്. ഒരു പടികൂടി കടന്ന് അക്കൌണ്ടന്‍റ് ജനറലിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ പോലും അസ്വാഭാവികത ആരോപിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം സര്‍ക്കാരിനതിരായ ആക്രണം ശക്തമാക്കുമ്പോള്‍ വിഷയത്തെ കരുതലോടെ സമീപിക്കാനാണ് എല്‍.ഡി.എഫ് ശ്രമം.

അതേസമയം ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കുന്നു. മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി.

വെടിക്കോപ്പുകളും വെടിയുണ്ടകളും കാണാനില്ല ഡി.ജി.പി തന്നെ പൊലീസിന്‍റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുളായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനോട് വ്യക്തമായി ഡി.ജി.പി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചിരുന്നുല്ല. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Top