മുഖ്യമന്ത്രീ..നിങ്ങള്‍ ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ്..വാളയാർ വിഷയത്തിൽ പ്രക്ഷുബ്ധമായി നിയമസഭ; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു.

തിരുവനന്തപുരം :വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു .വാളയാർ വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. കേസില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്നും സിബിഐ പോലെയുള്ള ഉന്നത ഏജന്‍സി കേസന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.മുഖ്യമന്ത്രീ… നിങ്ങള്‍ ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ്.. ഇരകള്‍ക്ക് നീതി കിട്ടാത്ത ഭരണമാണ് ഇവിടെ… പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആഞ്ഞടിച്ചു. വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.

വാളയാര്‍ കേസിലെ അട്ടിമറി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പോലീസിന്‍റെ പിടിപ്പ് കേടാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമായതെന്ന് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. കേസ് സിബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം കേസിൽ അട്ടിമറിയില്ലെന്നും ഏത് ഏജൻസി അന്വേഷിക്കണെമന്ന് പരിശോധിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. മരണാന്തരമെങ്കിലും പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വാളയാര്‍ കേസിൽ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി. തുടർന്ന് രൂക്ഷമായ വാക്കേറ്റമാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിക്കുകയായിരുന്നു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം അഞ്ച് മണ്ഡലങ്ങളിലെ നിയുക്ത എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായി വികെ പ്രശാന്ത്, കോന്നി എംഎല്‍എയായി കെ യു ജനീഷ്‌കുമാര്‍, അരൂര്‍ എംഎല്‍എയായി ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം എംഎല്‍എയായി ടി ജെ വിനോദ്, മഞ്ചേശ്വരം എംഎല്‍എയായി എംസി ഖമറുദ്ദീന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Top