എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ്..സിഎജി ആരോപണം തെറ്റ്

തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്ന് കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പൊലീസ്.തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് കണക്കില്‍പെടാതിരുന്നതെന്നും ആംസ് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകളും, വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ നടക്കുന്ന അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കിരി നിര്‍ദ്ദേശം നല്‍കി.‌

കേരള പൊലീസിന്‍റെ തോക്കുകളും തിരകളും നഷ്ട്ടപ്പെട്ടതായുള്ള സി.എ.ജി റിപ്പോര്‍ട്ട് വലിയ വിവാദങ്ങളിലേക്ക് നീങ്ങവേയാണ് പൊലീസ് വിശദീകരണം. തോക്കുകള്‍ നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അന്വേഷണം നടന്നതായാണ് പൊലീസ് വിശദീകരിക്കുന്നത്. ആര്‍മറ്റര്‍ ഡി.വൈ.എസ്.പിയാണ് അന്വേഷിച്ചത്. എസ്.എ.പി ക്യാമ്പിലെ 25 തോക്കുകള്‍ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറിയെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ഈ കൈമാററം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് തോക്കുകള്‍ മോഷണം പോയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ കാരണം. നവംബര്‍ 18നാണ് ഡി.വൈ.എസ്.പി ഈ റിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് കൈമാറിയതെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്റെ ശ്രമം.എസ്എപി ക്യാമ്പിൽ നിന്നും 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ ഇവ ക്യാമ്പിൽ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റു ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്എപി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുൻപ് സിഎദിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആയുധങ്ങൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതുവരെ ഒന്നുമായില്ല. പുതിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നൽകി.

Top