ന്യൂഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്നും രവി ജാദവിന്റെ ന്യൂഡും സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയെയും ഒഴിവാക്കി. സ്മൃതി ഇറാനി കൈയാളുന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്.
രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു തീരുമാനം. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, ഈ ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടത്.
അതേസമയം ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ട വിവരം താന്‍ അറിഞ്ഞില്ലെന്നും ഈ സംഭവത്തിലുള്ള നീരസം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗമായ തിരക്കഥാകൃത്ത് അപൂര്‍വ അസ്രാനി പറഞ്ഞു.നഗ്ന മോഡലുകളായി ഉപജീവനം നടത്തുന്ന സ്ത്രീകളുടെ കഥയാണ് മറാഠി ചിത്രമായ ന്യൂഡ് പറയുന്നത്. ന്യൂഡിനെയായിരുന്നു ഉദ്ഘാടന ചിത്രമായി ജൂറി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം.
എസ്.ദുര്‍ഗയാവട്ടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയതാണ്. സെക്സി ദുര്‍ഗ എന്ന ചിത്രം നേരത്തെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടാണ് എസ്.ദുര്‍ഗ എന്നാക്കി മാറ്റിയത്.
ജോളി എല്‍. എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ മുഖ്യധാര ചിത്രങ്ങള്‍ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് പട്ടികയിലുള്ളത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.