എരുമേലി: സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന വേദിയായി മാറിയ ശബരിമലയെ ഭക്തജനങ്ങള്‍ കയ്യൊഴിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണ്ഡല മകരവിളക്ക് സീസണിലെ ഇതുവരെയുള്ള കണക്കുകളാണ് ദേവസ്വംബോര്‍ഡിന് തലവേദനയാകുന്നത്. വരവിനേക്കാള്‍ കൂടുതല്‍ ചെലവായിരിക്കുമെന്നു കണക്കുകള്‍.
അയ്യപ്പഭക്തരുടെ എണ്ണത്തില്‍ ഉണ്ടായ കുറവും, കാണിക്കയില്‍ ഉണ്ടായ കുറവിനും പുറമേ കച്ചവടക്കാര്‍ കടകള്‍ ലേലം പിടിക്കുന്നതില്‍നിന്നു പിന്‍മാറിയതും ശബരിമലയിലെ വരുമാനത്തിനു വന്‍തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ വരുമാനം 255 കോടി രൂപയും ചെലവ് 80 കോടിയോളം രൂപയുമായിരുന്നു.
എന്നാല്‍ ഇത്തവണ വരുമാനം കുത്തനെ ഇടിയുമെന്നും ചെലവ് ഇരട്ടിയാകുമെന്നുമാണു സൂചന. പോലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി ചെലവാകും.
ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കുളള ഡി.എ. ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. ഇത്തവണ ഒരു ദിവസം അയ്യായിരത്തോളം പോലീസുകാരാണ് ശബരിമല ഡ്യൂട്ടിക്കുളളത്. ഇവരുടെ ഡി.എ. ഒരാള്‍ക്ക് 400 രൂപ മുതലാണ്. റാങ്ക് അനുസരിച്ച് ഡി.എ. കൂടും. ശരാശരി അഞ്ഞൂറു രൂപയാണ് ഡി.എ. ഇനത്തില്‍ നല്‍കേണ്ടി വരുന്നത്.
രണ്ടുമാസത്തേക്ക് ഈ തുക മാത്രം 15 കോടി രൂപ വരും. കഴിഞ്ഞ സീസണില്‍ ഇതു മൂന്നു കോടി മാത്രമായിരുന്നു. ഇതിന് പുറമേ പോലീസുകാര്‍ക്ക് താമസിക്കുന്നതിനുളള കട്ടില്‍ അടക്കമുള്ള മറ്റ’ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ചെലവും ബോര്‍ഡാണ് വഹിക്കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ 1208 ക്ഷേത്രങ്ങളാണുളളത്.ഇതില്‍ നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി പ്രവര്‍ത്തിക്കാനുളള വരുമാനമുള്ളത്.
മറ്റ് എല്ലാ ക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നത് ശബരിമലയില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ശാന്തിക്കാര്‍ ഉള്‍പ്പടെ അയ്യായിരത്തോളം ജീവനക്കാരാണുളളത്. ഇവര്‍ക്ക് ശമ്പളത്തിനും പെന്‍ഷനുമായി ഒരു മാസം 30 കോടി രൂപയോളം രൂപ വേണ്ടി വരും. ഈ തുക കണ്ടെത്തുന്നതും പ്രധാനമായും ശബരിമലയില്‍നിന്നുലഭിക്കുന്ന വരുമാനമാണ്.
ലേലം കൊളളുന്നതില്‍ നിന്നും കച്ചവടക്കാര്‍ പിന്‍മാറിയതാണ് ശബരിമല വരുമാനത്തില്‍ നേരിട്ട മറ്റൊരു പ്രതിസന്ധി. ലേലത്തുകയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വരെ കുറവ് വരുത്താന്‍ ബോര്‍ഡ് തയാറായിട്ടും കച്ചവടക്കാര്‍ പിന്‍വലിഞ്ഞു നില്‍ക്കുകയാണ്. ലേലം പിടിച്ചവരും പിന്‍വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.