കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളുയെല്ലാം സത്യാവസ്ഥ തുറന്നുകാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ന്യൂസ് 18 ചാനലാണ് കഴിഞ്ഞ ദിവസം പോലീസ് ബാരിക്കേഡ് കടന്ന് അപ്രതീക്ഷിതമായി എത്തിയ അതിഥിയെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയത്. ഉഗ്ര വിഷമുള്ള പാമ്പാണ് ഇതെന്നും മനുഷ്യന്റെ കണ്ണിലെ കൃഷ്ണമണിയിലാണ് ഇത് കടിക്കുക എന്നും തുടങ്ങി വിശദീകരണവും ഉണ്ടായിരുന്നു.
എന്നാല്‍ അവിടെ കണ്ട പാമ്പ് നമ്മുടെ പശ്ചിമഘട്ട് മലനിരകളില്‍ ഏറ്റവും സാധാരണയായി കാണുന്ന പാമ്പുകളില്‍ ഒന്നായ നാഗത്താന്‍ പാമ്പ് എന്ന് വിളിക്കുന്ന
ഫ്‌ലൈയിംഗ് സ്‌നേക്ക് ആണെന്നും തവളകള്‍, പല്ലികള്‍, ഓന്തുകള്‍, ചെറുപക്ഷികള്‍, പ്രാണികള്‍ തുടങ്ങി ഇവ ആഹരിക്കുന്ന ജീവികളെ മാത്രം തളര്‍ത്താന്‍ മാത്രം ശക്തമായ അളവില്‍ ന്യൂറോടോക്സിക് വിഷമുള്ള പാമ്പാണ് ഇതെന്നും ആശിഷ് ജോസ് അമ്പാട്ട് എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ലോകാരോഗ്യസംഘടന ഇറക്കുന്ന മനുഷ്യന്‍ അപകടരമായ വിഷപാമ്പുകളുടെ ഡാറ്റബേസില്‍ ഇവയില്ലെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അത്യാപൂര്‍വ്വമായി മാത്രം കാണുന്നതും അതിമാരക വിഷമുള്ളതുമായ ഒരു പാമ്പിനെ ശബരിമലയില്‍ കണ്ടെത്തിയെന്നോരു വാര്‍ത്ത ന്യൂസ്18 ചാനലില്‍ ഓടുന്നുണ്ട്. Ornate flying snake എന്ന ഇനം പാമ്പാണ് വീഡിയോയില്‍, ഇത് കണ്ണിന്‍റെ കൃഷ്ണമണ്ണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നും ഉള്ള ഞെട്ടിക്കുന്ന വിശദീകരണങ്ങളും ഒപ്പമുണ്ട്.
നമ്മുടെ പശ്ചിമഘട്ട് മലനിരകളില്‍ ഏറ്റവും സാധാരണയായി കാണുന്ന പാമ്പുകളില്‍ ഒന്നായ നാഗത്താന്‍ പാമ്പ് എന്ന് വിളിക്കുന്ന ornate flying snake ആണിത്. പെരിയാര്‍ വന്യജീവി സംരക്ഷണമേഖലയോടൊപ്പം വരുന്ന ശബരിമലയില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ കാണുന്നത് അത്യാപൂര്‍വ്വ കാഴ്ച ഒന്നുമല്ല, അവരുടെ അതിജീവന ഇടങ്ങളില്‍ ഒന്നാണ് ഇത്. കടുവയും പരുന്തുമെല്ലാം ഇത് പോലെ .
ഫ്ലൈയിംഗ് സ്നേക്ക് എന്നാണ് വിളിക്കുന്നത് എങ്കിലും ഇവയ്ക്കു ശരിക്കും പറക്കാന്‍ ഉള്ള കഴിവില്ല മറിച്ചു കാറ്റിലൂടെ തെന്നിമാറുക ആണ് ചെയ്യുക, ഇതിനായി വാരിയെല്ലുകള്‍ വികസിപ്പിച്ചു എടുക്കാറുണ്ട്. ഉയര്‍ന്ന ചില്ലകളില്‍ നിന്ന് താഴ്ന്ന ചില്ലകളിലോട് J-ഷേപ്പിലുള്ള ഇവയുടെ തെന്നിമാറ്റം രസകരമായ കാഴ്ചയാണ്. ഭാഷപരമായ കൃത്യത ‘ഗ്ലൈടിംഗ് സ്നേക്ക്’ എന്ന് വിളിക്കുന്നതില്‍ ആകും.
ശാസ്ത്രീയനാമം Chrysopelea ornata എന്നാണ് കറുപ്പും മഞ്ഞയും, പച്ചയും എല്ലാമായി ഒരു പൂക്കളം മുറിച്ച വച്ചത് പോലെ തോന്നുന്ന ഇതിനു അലങ്കാരപ്പാമ്പ് എന്ന അര്‍ത്ഥത്തില്‍ ആണ് ‘ornata’ എന്ന സ്പീശ്യസ് പേര് ലഭിക്കുന്നത്.
വീഡിയോയില്‍ അതിമാരക വിഷപാമ്പ് എന്നെല്ലാം പറഞ്ഞുവെങ്കിലും തവളകൾ, പല്ലികൾ, ഓന്തുകൾ, ചെറുപക്ഷികൾ, പ്രാണികള്‍ തുടങ്ങി ഇവ ആഹരിക്കുന്ന ജീവികളെ മാത്രം തളര്‍ത്താന്‍ മാത്രം ശക്തമായ അളവില്‍ ന്യൂറോടോക്സിക് വിഷമുള്ള പാമ്പാണ് ഇത്. ലോകാരോഗ്യസംഘടന ഇറക്കുന്ന മനുഷ്യന്‍ അപകടരമായ വിഷപാമ്പുകളുടെ ഡാറ്റബേസില്‍ ഇവയില്ല. വായുടെ പിന്‍വശത്തില്‍ ചെറിയ വിഷപല്ലുകളാണ് ഇവയ്ക്കുള്ളത്, വിഷഗ്രന്ഥിയുടെ പേര് duvernoy’s gland എന്നും, ചേരയുടെ കുടുംബത്തിലെ അംഗമാണ് ഇത്. ആലോക്, റോജേഴ്സ് എന്നീ ഗവേഷകര്‍ ഇവയുടെ ജീനസ്സില്‍പ്പെട്ട പാമ്പിന്‍റെ വിഷം എലികളില്‍ ഏല്പിച്ചു പരീക്ഷണങ്ങള്‍ നടത്തിയപ്പോഴും മരണകാരണം ആയത് രേഖപെടുത്തിയില്ല. ഇരകളെ തളര്‍ത്തുക എന്ന ധര്‍മ്മത്തിലുള്ള കൊളിബ്രിഡോടോക്സിന്‍ പോലെയുള്ള വിഷഘടങ്ങള്‍ ആകാം ഇവയ്ക്കുള്ളത്. മനുഷ്യരില്‍ കടി ഏറ്റവരില്‍ കടിവായോടു ചേര്‍ന്ന് ഏതാനം മണിക്കൂറുകള്‍ മരവിപ്പ് ചിലപ്പോള്‍ വരാവുന്നതാണ് പക്ഷെ ശരീരത്തില്‍ ആകമാനം ബാധിക്കുന്ന തരത്തിലുള്ള systemic venomation സാധ്യത നിരീക്ഷിച്ചിട്ടില്ല.
ക്ലിനിക്കല്‍ ടോക്സികോളജി ഗൈഡില്‍ ഈ പാമ്പിനെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെയാണ് : Bites by this species are not expected to cause medically significant effects and the only risk, probably small, is local secondary infection. Patients presenting with bites by these snakes do not require medical attention, other than to check for infection and ensure tetanus immune status. Patients should be advised to return if local symptoms develop, suggesting secondary infection.
അതായത് ഈ പാമ്പിന്‍റെ കടിയില്‍ കൂടെ സാധാരണ മനുഷ്യന് അപകടകരമായ രീതിയില്‍ വിഷം ഏല്‍ക്കുന്നില്ല, രോഗിയ്ക്ക് അപകടരം ആകാവുന്നത് കടിച്ച മുറിവില്‍ കൂടി പകരാവുന്ന ബാക്ടീരിയ പോലെയുള്ള രോഗാണുക്കളുടെ ബാധയാണ്, ഇതിനെയാണ് സെക്കന്‍ഡറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. വേദനയ്ക്കുള്ള മരുന്നും, റ്റെറ്റനസിന് എതിരെയുള്ള കുത്തിവെപ്പും, ആന്റിബാക്ടീരിയല്‍ മരുന്നുമെല്ലാം ആയിരിക്കും സാധാരണ ചികിത്സ രീതികള്‍. ഏതെങ്കിലും വിധത്തിലുള്ള സങ്കീര്‍ണ്ണതകള്‍ വരുന്നുണ്ടോ എന്നറിയാന്‍ നീരീക്ഷണത്തില്‍ ആക്കുകയും ചെയ്യും.
പകല്‍ സഞ്ചാരിയായ ഈ പാമ്പ് മനുഷ്യാവാസമുള്ള ഇടങ്ങളില്‍ മരങ്ങങ്ങളിലും ഒകെ സാധാരണ കാണാവുന്നതാണ്, അങ്ങനെ ആക്രമണകാരിയല്ല, കണ്ണില്‍ കടിച്ചു കൃഷ്ണമണ്ണിയുടെ കാഴ്ച കളയുന്നത് ഒന്നും സാധാരണ സംഭവമല്ല എന്ന് മാത്രമല്ല അങ്ങനെ ഒരു കേസ് റിപ്പോര്‍ട്ട് എവിടെയും പബ്ലിഷ് ചെയ്തിട്ടുമില്ല, ആ വിവരം വീഡിയോയിലെ ചേട്ടന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇട്ടതാക്കാന്‍ വഴിയുണ്ട്.
വീഡിയോയില്‍ ‘വഴിതെറ്റിവന്ന അതിഥി’ എന്നാണ് ഈ പാമ്പിനെ വിളിക്കുന്നത്, സത്യത്തില്‍ നമ്മള്‍ മനുഷ്യരല്ലേ ഈ വന്യജീവികളുടെ ഇടയിലോട് അതിക്രമിച്ചുകയറുന്നത് ? അവയുടെ അതിജീവന ഇടങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ? എന്ത് തന്നെ ആയാലും ന്യൂസ്18 യിലെ വാര്‍ത്ത കണ്ടു അയ്യപ്പശാപത്തെ ഓര്‍ത്ത് പേടിക്കാനും അല്ലായെങ്കില്‍ ഈ പാമ്പിനെ തല്ലി കൊല്ലാനും പോകാതെ ഇരിക്കാന്‍ പറഞ്ഞതാണ്. മനുഷ്യജീവന്‍ അപകടകാരിയല്ലാത്ത ഒരു സാധു ആണ്, അത് ജീവിച്ചു പോന്നോട്ടെ !!