ശബരിമല: ശബരിമല യുവതി പ്രവേശന വിധി വന്ന സാഹചര്യത്തില്‍ സംഘപരിവാറും ബിജെപിയും വലിയ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കാണിക്ക ഇടരുതെന്ന ആഹ്വാനവും ഉണ്ടായിരുന്നു. സംഘപരിവാറിന്റെ ഈ കാണിക്ക ചാലഞ്ച് വിജയിച്ച അവസ്ഥയാണ്. കാണിക്ക വരുമാനത്തില്‍ വലിയ കുറവാണുണ്ടായത്. മണ്ഡലകാലം തുടങ്ങി 11 ദിവസത്തെ വരുമാന കണക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 11 ദിവസം കൊണ്ട് 41.7 കോടി രൂപ ലഭിച്ചിരുന്നു, ആ സ്ഥാനത്ത് ഇക്കുറി 16.24 കോടി രൂപ മാത്രമാണ് കിട്ടിയത്. കാണിയ്ക്ക വരുമാനം പകുതിയായി കുറഞ്ഞിട്ടുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ കുറവുണ്ടായത്. അപ്പം വില്‍പന അഞ്ചില്‍ ഒന്നായും അരവണ വില്‍പന മൂന്നിലൊന്നായും കുറഞ്ഞു. അരവണ വരുമാനത്തില്‍ 12 കോടിയുടെ കുറവുണ്ടായി. 3.07 കോടി രൂപയുടെ അപ്പം വിറ്റ സ്ഥാനത്ത് ഇക്കുറി 61 ലക്ഷത്തിന്റെ വില്‍പന മാത്രമാണ് നടന്നത്.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശബരിമലയില്‍ എത്തുന്ന ഭക്തരുടെ കുറവ് വലിയ തോതില്‍ ക്ഷേത്ര വരുമാനത്തെയും ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പോലീസിന്റെ കടുത്ത നിയന്ത്രണം തുടര്‍ന്നതോടെ ഓരോ ദിവസവും ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും ഭക്തര്‍ അകന്നതാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം ഇത്രയധികം കുറയാന്‍ കാരണം. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. വഴിപാട് ഇനത്തില്‍ മാത്രമല്ല ഭണ്ഡാര വരവിലും വന്‍ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വൃശ്ച്ചികം ഒന്ന് മുതല്‍ ആദ്യ 11 ദിവസത്തെ ആകെ വരുമാനം 16.23,94843 രൂപയാണ്.