കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനവിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ശക്തമായി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടി പര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകുന്നു. പാര്‍ട്ടി സ്വീകരിച്ച സംഘപരിവാര്‍ അനുകൂല നിലപാട് അണികളെയും സംഘപരിവാര്‍ പാളയത്തില്‍ എത്തിച്ചു കഴിഞ്ഞു. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രതിഷേധ പരിപാടി നടത്തുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും തിരിച്ചറിയാന്‍ കഴിയാത്ത് അവസ്ഥയിലായി കാര്യങ്ങളെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസിലെ പുരോഗമന മുഖമായി നിലനിന്ന യുവാക്കളെയും കാണാനില്ല. യുവതുര്‍ക്കികളായ വിടി ബല്‍റാം അടക്കമുള്ളവര്‍ മാളത്തിലൊളിച്ചു.
അതേ സമയം, ശബരിമല ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് രാമന്‍നായര്‍ ബിജെപിയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ട്. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസികളുടെ ആവശ്യങ്ങള്‍ ബിജെപിയാണ് ഭംഗിയായി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി സൂചനയുണ്ട്.
കോണ്‍ഗ്‌സ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് തന്നെ നയിച്ചേക്കാവുന്ന തീരുമാനമാണ് ശബരിമല വിഷയത്തില്‍ പാര്‍ട്ടി കൈകൊണ്ടതെന്ന് നിരീക്ഷകര്‍ വിലയിരുന്നുന്നു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു രാമന്‍നായര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത്തരത്തില്‍ നേതാക്കള്‍ക്ക് പോലും ആര്‍എസ്എസുമായി അകല്‍ച്ചയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
പ്രതിഷേധത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു. പന്തളം രാജകുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. അതിനിടെ ബിജെപിയുടേതും കോണ്‍ഗ്രസിന്റേതും സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.