സിപിഎം ഓഫീസില്‍ നിന്നും കല്ലേറ്: പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും സംഘര്‍ഷം. പന്തളത്ത് പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം ഓഫീസില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്. പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി, ശബരിമല കര്‍മ്മസമിതി, സേവാഭാരതി അടക്കമുള്ള സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.

ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത്. ഒരു പൊലീസുകാരനടക്കം മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. സി. പി. എം ഏരിയാകമ്മറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘര്‍ഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.എം ഓഫീസില്‍ നിന്നാണ് കല്ലേറുണ്ടായതെന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടത്തിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പിന്നീട് പന്തളത്ത് റോഡ് ഉപരോധിച്ചു.

ഏറ്റവുമധികം സംഘര്‍ഷമുണ്ടായ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എമ്മുകാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ തലസ്ഥാന നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. സ്റ്റാച്യുവിലെ സമരപ്പന്തല്‍ കേന്ദ്രീകരിച്ച് ബി.ജെ.പിക്കാരും ദേശീയ പണിമുടക്കിന്റെ ഭാഗമായി സ്ഥാപിച്ച സംയുക്ത സമരസമിതി ഓഫീസ് കേന്ദ്രീകരിച്ച് സി.പി.എമ്മുകാരും അണിനിരന്നായിരുന്നു സംഘര്‍ഷം. ഇരുവിഭാഗവും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ പരസ്പരം പ്രകോപനപരമായ പോര്‍വിളികളോടെ സെക്രട്ടേറിയറ്റിന് ഇരുവശത്തും നിലയുറപ്പിച്ചതോടെ ഏഴ് മണിക്കൂറോളം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തും പരസ്പരം കല്ലെറിഞ്ഞും പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടി. പലതവണ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കല്ലേറില്‍ ഷാഡോ പൊലീസ് അംഗത്തിന് തലയ്ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ 10 കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൗഡിക്കോണത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്കേറ്റു.

Top