ശബരിമല: വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ തുലാമാസ പൂജകള്‍ കഴിഞ്ഞ് ശബരിമല നട അടച്ചു. പ്രളയത്തിന് ശേഷം സുപ്രീം കോടതി വിധി കൂടെ വന്നതോടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നത്. കാര്യങ്ങളിങ്ങനെയെങ്കിലും വഴിപാടിന്റെ കാര്യത്തില്‍ ശബരിമലയില്‍ ഇന്നും കുറവ് വന്നിട്ടില്ല. ശബരിമലയിലെ പ്രശസ്ത വഴിപാടായ പടിപൂജ നേരത്തെ ബുക്ക് ചെയ്യാന്‍ ഇനി പതിനേഴു വര്‍ഷം കാത്തിരിക്കണം.
75,000 രൂപ ചെലവു വരുന്ന പടിപൂജയ്ക്ക് 2035 വരെ ബുക്കിങ് പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. മറ്റൊരു പ്രധാന വഴിപാടായ ഉദയാസ്തമന പൂജയ്ക്ക് 2027 വരെ ബുക്കിങ് പൂര്‍ത്തിയായി. 40,000 രൂപ ചെലവു വരുന്ന ഉദയാസ്തമന പൂജ ചെയ്യാന്‍ ഇനി ഒന്‍പതു വര്‍ഷമാണ് കാത്തിരിക്കേണ്ടത്.
മാസപൂജയ്ക്കു നട തുറക്കുമ്പോഴും വിഷുപൂജയ്ക്കും മാത്രമാണ് പടിപൂജയും ഉദയാസ്തമന പൂജയും നടത്തുന്നത്. ഭക്തജനത്തിരക്കു മൂലം മണ്ഡലം മകര വിളക്കു സീസണില്‍ ഈ പൂജകള്‍ നടത്താറില്ല.
അതേസമയം പ്രളയവും സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും മൂലം ശബരിമലയിലെ നടവരവ് ഇടിഞ്ഞു. 2017 ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വരുമാനത്തെക്കാള്‍ 10 കോടിയോളം രൂപയുടെ കുറവാണുണ്ടായത്. പമ്പ, എരുമേലി ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.89 കോടി ലഭിച്ചപ്പോള്‍ ഇക്കുറി പ്രളയം കാരണം തീര്‍ത്ഥാടകര്‍ക്കെത്താനായില്ല. സെപ്തംബറിലെ വരുമാനം 4.45 കോടിയായിരുന്നത് ഇക്കുറി 2.10 കോടിയായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ 5.77 കോടിയായിരുന്നു വരവ്.