ശബരിമലയിലെ യുവതി പ്രവേശനവുമായിബന്ധപ്പെട്ട് തിരുത്തൽ ഹിർജികൾ വിശാലബഞ്ചിന് വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്യപ്പെടുകയാണ്. വിധിയെത്തുടർന്ന് വിശാല ബെഞ്ച് രൂപീകരിച്ച നടപടിയെ ചോദ്യം ചെയ്‌ത് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ രംഗത്തെത്തി. സുപ്രീം കോടതിയിലാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്‌ത് ഫാലി എസ് നരിമാൻ രംഗത്തെത്തിയത്.
ശബരിമല പുനപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ടിട്ടില്ലെന്നും, നിയമപ്രശ്‌നങ്ങൾ ഉയർത്തുന്ന കേസുകളിലാണ് കോടതി ഇടപടേണ്ടതെന്നും നരിമാൻ കോടതിയിൽ വാദമുയർത്തി. സ്വന്തം നിലയ്‌ക്കാണ് ഫാലി എസ് നരിമാൻ സുപ്രീം കോടതിയെ സമീപിച്ചത്.
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒൻപതംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് തീരുമാനം.
എന്നാൽ പരിഗണിക്കുന്നത് ശബരിമല പുനപരിശോധന ഹർജികളല്ല മറിച്ച് ഭരണഘടനാപരമായ വിഷയങ്ങളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമാനമായ വിഷയങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തിൽ പരിഗണിക്കേണ്ട വിഷയങ്ങൾക്ക് വിശാലബെഞ്ച് ഇന്ന് അന്തിമ രൂപം നൽകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് ഇന്ന് വിശാലബെഞ്ച് നിശ്ചയിക്കുക. ശബരിമലയ്‌ക്ക് പുറമെ മറ്റു മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാർസി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ പ്രധാനവിഷയങ്ങളാണ് പരിഗണനയിൽ വരുന്നത്.
പരിഗണനാ വിഷയത്തിൽ സമവായത്തിലെത്താൻ മുതിർന്ന അഭിഭാഷകരെ കോടതി ചുമതലപ്പെടുത്തിയിരുന്നു .എങ്കിലും വിഷയത്തിൽ അന്തിമരൂപം ഉണ്ടാക്കാനോ സമവായത്തിലെത്താനോ സാധിച്ചില്ലെന്ന് മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിംഗ്, വി ഗിരി, അരവിന്ദ് ദത്താർ, ഗോപാൽ ശങ്കരനാരായണൻ എന്നിവർ കോടതിയെ അറിയിക്കുകയായിരുന്നു.