കൊച്ചി:ശബരിമലയില്‍ തന്ത്രിമാരുടെ ആവശ്യമില്ലെന്ന് പന്തളം രാജകുടുംബത്തിന്റെ നിവേദനം പുറത്ത് !..നടയടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്നും പന്തളം കൊട്ടാരത്തിന് മേല്‍ശാന്തിയെ നറുക്കെടുക്കാനുള്ള അവകാശം മാത്രമാണുള്ളതെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായർ വെളിപ്പെടുത്തി .പന്തളവും താഴമണ്‍ കുടുംബവും തമ്മിലുള്ള ബന്ധം തനിക്ക് നന്നായി അറിയാം. താഴമണ്‍ കുടുംബത്തിലെ തന്ത്രിമാരെ കുറിച്ച് പന്തളം കൊട്ടാരം എഴുതി തന്ന നിവേദനവുമുണ്ട്. ഇന്റര്‍വ്യൂ നടത്തുമ്പോള്‍ തന്ത്രി പക്ഷാഭേദം കാണിക്കുന്നുവെന്നും ചോദ്യങ്ങള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു. സാധാരണ ക്ഷേത്രങ്ങളെപോലെ തന്നെയാണ് ശബരിമല. തന്ത്രികളുടെ ആവശ്യം പോലും ശബരിമലയിലില്ലെന്ന് നിവേദനത്തില്‍ പറയുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ താന്‍ നടയടച്ച് ഇറങ്ങുമെന്നും തനിക്ക് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള കണ്ഠരര് രാജീവര് തന്ത്രിയുടെ പ്രസ്താവനയിലുള്ള വിവാദം മുറുകുന്നു. ശബരിമല തന്ത്രിയുടേയും പന്തളം രാജാവിന്റേയും അധികാരങ്ങളും അവകാശങ്ങളുമാണ് ഇപ്പോള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലും ശബരിമലക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടയടച്ച് താക്കോല്‍ പന്തളം രാജകൊട്ടാരത്തില്‍ എത്തിക്കും എന്ന് പറയാന്‍ എന്ത് അധികാരമാണ് തന്ത്രിക്കുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പന്തളം രാജകുടുംബം ഒരു കേസ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. 2011ല്‍ കേസിന് അന്തിമ തീരുമാനമായി. അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് തങ്ങള്‍. അതിനാല്‍ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്ന അധികാരം തങ്ങള്‍ക്ക് തരണം എന്നായിരുന്നു കേസ്. എന്നാല്‍ കേസ് ഹൈക്കോടതി തള്ളി. ഒരവകാശവും തരാന്‍ സാധിക്കില്ലെന്നായിരുന്നു കോടതി നിലപാട്. പിന്നീട് ഹൈക്കോടതിയെ മറികടന്ന് പന്തളം കൊട്ടാരം സുപ്രീം കോടതിയില്‍ അപ്പീലിന് പോയി. തുടര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു മധ്യസ്ഥനെ നിയമിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി. തോമസായിരുന്നു മധ്യസ്ഥന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, താഴമണ്‍ തന്ത്രി കുടുംബം, പന്തളം കൊട്ടാരം ഈ മൂന്ന് കക്ഷികളും തങ്ങളുടെ അഭിഭാഷകര്‍ മുഖേനയോ നേരിട്ടോ കെ.ടി. തോമസിന്റെ സിറ്റിംഗില്‍ പങ്കെടുത്തു. 11 പ്രാവശ്യം കോട്ടയത്തെ പല ഹോട്ടലുകളില്‍ വെച്ച് ജസ്റ്റിസ് കെ.ടി. തോമസ് അവരുടെ അവകാശങ്ങള്‍ പരിഗണിച്ചു. എന്നാല്‍ അവസാനം പറഞ്ഞത് നിങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ലെന്നാണ്. എന്നാല്‍ പിതൃസ്ഥാനീയര്‍ എന്ന അവകാശവാദവുമായി പന്തളം രാജകുടുംബം എത്തിയ സ്ഥിതിക്ക് തര്‍ക്കം നീട്ടെരുതെന്ന് കെ.ടി. തോമസ് തന്നോട് പറഞ്ഞുവെന്ന് എം രാജഗോപാലന്‍ നായര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി 60 ശതമാനത്തില്‍ അധികം മാര്‍ക്ക് കിട്ടുന്ന മേല്‍ശാന്തിമാരെ പിന്നീട് നറുക്കെടുത്താണ് നിശ്ചയിക്കുന്നത്. മൂന്നാമനാണ് നറുക്കെടുക്കുന്നത്. നറുക്കെടുക്കുന്നത് പന്തളത്ത് നിന്നു വരുന്ന പത്ത് വയസിന് താഴെയുള്ള ഒരു കുട്ടിയാകാന്‍ പാടില്ലേ എന്ന് കെ.ടി. തോമസ് ഒരു നിര്‍ദേശം വെച്ചു. ഈ അവകാശം ഏവരും അംഗീകരിച്ചു. താഴമണ്‍ കുടുംബം, പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ താനും ഒപ്പിട്ടു. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചും സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതാണ് പന്തളം കൊട്ടാരത്തിന്റെ അധികാരം. ഒരു കുട്ടിയെ വെച്ച് നറുക്കെടുക്കാനുള്ള അധികാരമാണ് പന്തളം കൊട്ടാരത്തിന് ആകെയുള്ളത്. ഇനിയെങ്കിലും ജന്മാവകാശമില്ലെന്ന് പന്തളം കൊട്ടാരത്തിന് സമ്മതിച്ചു കൂടെയെന്നും രാജഗോപാലന്‍ നായര്‍ ചോദിക്കുന്നു.
രാജാവിന് എന്തെങ്കിലും മറവി സംഭവിച്ചിട്ടുണ്ടെങ്കില്‍, കവനന്റ് തന്റെ പക്കലുണ്ട്. ഏത് വിധേനയും കവനന്റ് എത്തിക്കാന്‍ താന്‍ തയ്യാറാണ്. കവനന്റ് അവര്‍ കാണാത്തവരൊന്നുമല്ല. കനവനന്റില്‍ 22 ആര്‍ട്ടിക്കിളാണുള്ളത്. ഇതില്‍ മൂന്ന് ക്ഷേത്രങ്ങളെ കുറിച്ച് എടുത്ത് പറയുന്നുണ്ട്. ഒന്ന് പത്മനാഭ സ്വാമി ക്ഷേത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കാതെ തിരുവിതാംകൂര്‍ മഹാരാജാവ് കൈവശം വയ്ക്കും എന്നായിരുന്നു വ്യവസ്ഥ. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രമാണ് രണ്ടാമത്. ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കാതെ കൊച്ചി മഹാരാജാവ് കൈവശം വയ്ക്കുമെന്നുമായിരുന്നു. എന്നാല്‍ 2012ല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജാവിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. കൊച്ചി മഹാരാജാവും സമിതിയുമാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ കോടതി വിധി പ്രകാരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ ചുമതല. കവനന്റ് അനുസരിച്ച് രാജകുടുംബത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ പോലും ഇപ്പോള്‍ ബോര്‍ഡിന്റെ കീഴിലാണ്. അദ്ദേഹം പറഞ്ഞു.
രാജീവരര് തന്ത്രി നടയടച്ചിടും എന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് തനിക്കറിയില്ല. കാര്യങ്ങള്‍ വളരെ വിശാലമായി കാണുന്ന രാജീവരര് തന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ ഒരു വാക്ക് പ്രതീക്ഷിച്ചില്ല. വളരെ വേദനാജനകവും നിരാശാജനകവുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. താഴമണ്‍ കുടുംബത്തിലെ ഒരു തന്ത്രിക്ക് ശബരിമല പൂട്ടി താക്കോല്‍ പന്തളം രാജകുടുംബത്തില്‍ കൊടുത്തിട്ട് പോകാനുള്ള എന്ത് അധികാരമാണുള്ളത്. അനാചാരമായോ അശുഭമായോ സംഭവിക്കുമ്പോള്‍ പതിവിന് വിപരീതമായി ക്ഷേത്രം അടയ്ക്കും. പന്തളം കൊട്ടാരത്തിനോട് ചേര്‍ന്നിരിക്കുന്ന വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ചില അംഗങ്ങള്‍ മരിക്കുമ്പോഴാണിത്. ഇത്തരത്തില്‍ ഒരു അശുഭ സംഭവവും ഉണ്ടാകാതെ തന്ത്രിക്ക് എങ്ങനെ നടയടയ്ക്കുമെന്ന് പറയാന്‍ സാധിക്കും. എനിക്കിഷ്ടം പോലെ പൂട്ടി താക്കോല്‍ എവിടെയെങ്കിലും ഏല്‍പ്പിച്ചിട്ട് പോകാമെന്ന് ഏത് തന്ത്രശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നതെന്നും രാജഗോപാലന്‍ നായര്‍ ചോദിക്കുന്നു.
ഭഗവാനെ പ്രതിഷ്ഠിച്ച്, അതില്‍ ആവാഹനം നടത്തി, ചൈതന്യമുണ്ടാക്കി, ശക്തി കൊണ്ടുവരികയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ശക്തി തിരികെ എടുക്കാന്‍ നിങ്ങള്‍ക്ക് ഏതെങ്കിലും തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ക്ക് അതിന് കഴിയുമോ? അപ്പോള്‍ പൂട്ടിയിട്ട് പോകാനുള്ള അവകാശം ഏത് തന്ത്രശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പന്തളത്ത് താക്കോല്‍ കൊടുക്കുമെന്ന് പറഞ്ഞത്. പന്തളവും താഴമണ്‍ കുടുംബവും തമ്മിലുള്ള ബന്ധം തനിക്ക് നന്നായി അറിയാം. താഴമണ്‍ കുടുംബത്തിലെ തന്ത്രിമാരെ കുറിച്ച് പന്തളം കൊട്ടാരം എഴുതി തന്ന നിവേദനവുമുണ്ട്. 2011 മയ് 17ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പന്തളം കൊട്ടാരം സമര്‍പ്പിച്ച നിവേദനമാണിത്. ഇന്റര്‍വ്യൂ നടത്തുമ്പോള്‍ തന്ത്രി പക്ഷാഭേദം കാണിക്കുന്നുവെന്നും ചോദ്യങ്ങള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു. സാധാരണ ക്ഷേത്രങ്ങളെപോലെ തന്നെയാണ് ശബരിമല. തന്ത്രികളുടെ ആവശ്യം പോലും ശബരിമലയിലില്ലെന്ന് നിവേദനത്തില്‍ പറയുന്നു. ഇതാണ് പന്തളം കൊട്ടാരം താഴമണ്‍ കുടുംബത്തെ കുറിച്ച് പറയുന്നത്. തിരിച്ച് താഴമണ്‍ കുടുംബത്തിന് പന്തളം കൊട്ടാരത്തെ കുറിച്ചുള്ള അഭിപ്രായവും തനിക്കറിയാം. ഒരു പ്രത്യേക സാഹചര്യം വന്നപ്പോള്‍ കേരളത്തിലെ ഹൈന്ദവ വികാരം ഇളക്കി വിടാനായി രണ്ട് പേരും യോജിച്ചത് വളരെ മോശമായി പോയെന്ന് രാജഗോപാലന്‍ നായര്‍ വ്യക്തമാക്കുന്നു.
തന്ത്രിമാരുടെ ഡ്യൂട്ടിയെ കുറിച്ചുള്ള വ്യവസ്ഥ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മാനുവലിലുണ്ട്. ചാപ്റ്റര്‍ നാല് ക്ലോസ് 14ല്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഒരു പ്യൂണിനെ നിയന്ത്രിക്കുന്നപോലെ തന്ത്രിമാരെ നിയന്ത്രിക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ട്. പൂജാ കാര്യങ്ങളില്‍ നിങ്ങള്‍ തന്നെയാണ് മേലധികാരികള്‍. അതിന് തനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ നട അടയ്ക്കുന്നതോ തുറക്കുന്നതോ നിങ്ങളുടെ അധികാരമല്ല. താന്‍ ഉള്ളപ്പോള്‍ പൂജാ സമയം കൂട്ടിയിരുന്നു. ഇതൊന്നും താഴമണ്‍ കുടുംബത്തിന്റെ അറിവോടെയായിരുന്നില്ല. മാസപൂജയ്ക്ക് അഞ്ച് ദിവസം നട തുറന്നാല്‍ പോര പത്ത് ദിവസം തുറക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ആരുമായും ആലോചിച്ചല്ല ആ തീരുമാനം എടുത്തത്. അത് നടപ്പിലാക്കിയാല്‍ താന്ത്രിക സ്ഥാനം ഉപേക്ഷിക്കുമോ? തന്ത്രിമാര്‍ക്ക് ദിവസ ശമ്പളമാണ്. 400 രൂപയായിരുന്നു ദിവസം തന്ത്രിമാര്‍ക്ക് ശമ്പളം. താന്‍ പ്രസിഡന്റായി ഇരുന്ന കാലത്താണ് 400 എന്നുള്ളത് 1400 ആക്കി ഉയര്‍ത്തിയത്. ഇപ്പോഴും ഇത് തന്നെയാണെന്നാണ് തന്റെ അറിവെന്നും രാജഗോപാല്‍ നായര്‍ തുറന്നു പറയുന്നു.