ആചാര ലംഘനം നടന്നാല്‍ അമ്പലം പൂട്ടുമെന്ന് പറഞ്ഞ തന്ത്രി മേല്‍ശാന്തിയുടെ മകള്‍ കയറിയപ്പോള്‍ എന്തുചെയ്തു? നട അടച്ച് തിരികെപ്പോയോ…

ശബരിമല: ആചാരം ലംഘിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചുപൂട്ടി താക്കോല്‍ മേല്‍ശാന്തിക്ക് നല്‍കി താന്‍ പോകുമെന്ന് പ്രഖ്യാപിച്ച തന്ത്രി, വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചാരലംഘനം നടന്നപ്പോള്‍ എന്താണ് ചെയ്തത്..നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ശബരിമല മേല്‍ശാന്തിയായിരുന്ന പി എന്‍ നാരായണന്‍നമ്പൂതിരിയുടെ മകള്‍ സന്നിധാനത്തെത്തിയപ്പോള്‍ നട അടച്ച് തിരിച്ച് പോയോ എന്ന ചോദ്യമുയരുന്നു. അന്ന് അവര്‍ പതിനെട്ടാം പടി കയറിയതുമാത്രമല്ല, രണ്ടു ദിവസം സന്നിധാനത്ത് തങ്ങുകയും ചെയ്തിരുന്നു.
വിഷു ഉത്സവസമയത്താണ് മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയത്. സംഭവം വിവാദമായതോടെ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുകയും ആചാരലംഘനമുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ട് പൂഴ്ത്തി.

അന്ന് ആചാരലംഘനമുണ്ടായിട്ടും തന്ത്രി ക്ഷേത്രം അടച്ചില്ല. അത് മാത്രമല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയോ മേല്‍ശാന്തിക്കെതിരെയോ യാതൊരുവിധ നടപടികളും ഉണ്ടായില്ല. എല്ലാം കഴിഞ്ഞശേഷം പ്രായശ്ചിത്തവും പരിഹാരപൂജകളും നടത്തി വിഷയം ലളിതവല്‍ക്കരിക്കുകയായിരുന്നു തന്ത്രിയടക്കമുള്ളവര്‍. പരിഹാരപൂജകള്‍ക്കുള്ള തുക മേല്‍ശാന്തിയില്‍ നിന്നും ഈടാക്കി തലയൂരി അന്നത്തെ ദേവസ്വം ബോര്‍ഡും യുഡിഎഫ് സര്‍ക്കാരും. മേല്‍ശാന്തിയെ ന്യായീകരിച്ച് ജന്മഭൂമി ആര്‍എസ്എസ് നിലപാട് വ്യക്തമാക്കി. 2014 മെയ് ഒമ്പതിന്റെ ജന്മഭൂമി ഓണ്‍ലൈനിലാണ് മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്രദര്‍ശനം ന്യായീകരിച്ച് വാര്‍ത്ത നല്‍കിയത്. സമൂഹത്തിനും വിശ്വാസികള്‍ക്കും മുന്നില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ വിഷയം ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും കാലോചിതമായ ചര്‍ച്ചകള്‍ ഇത്തരം കാര്യങ്ങളില്‍ വേണമെന്നും യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അന്ന് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top