ശബരിമല: ശബരിമലയിലെ ക്രമക്കേടുകളെപ്പറ്റിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് പൂഴ്ത്തുന്നു. അന്നദാനം, സ്വര്‍ണ ലോക്കറ്റുകള്‍ കാണാതായ സംഭവം എന്നിവയില്‍ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. പുതിയ ബോര്‍ഡ് അധികാരമേറ്റിട്ടും വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഫയലിലുറങ്ങുകയാണ്. 2011-12 മണ്ഡല, മകരവിളക്ക് കാലയളവില്‍ നടന്ന അന്നദാനത്തിന്‍െറ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്.
ഈ കാലയളവില്‍ മൂന്നുനേരം അന്നദാനം നല്‍കിയ വകയില്‍ 1.30കോടിയാണ് ചെലവെഴുതി എടുത്തത്. പിറ്റേവര്‍ഷം വിലക്കയറ്റത്തിനും പ്രതികൂല കാലാവസ്ഥക്കും ഇടയില്‍ 24 മണിക്കൂറും അന്നദാനം നടത്തിയിട്ടും ദേവസ്വത്തിന് ആകെ ചെലവായത് 67.14 ലക്ഷം രൂപ മാത്രമാണ്. അതായത് 62,86,000 രൂപയുടെ കുറവാണുള്ളത്. ഇത് അന്നത്തെ ചുമതല ഉള്ള ഉദ്യോഗസ്ഥര്‍ കള്ളക്കണക്കെഴുതി അപഹരിച്ചതായാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതേ കാലയളവില്‍ ശബരിമലയില്‍നിന്ന് സ്വര്‍ണ ലോക്കറ്റുകള്‍ കാണാതായ സംഭവത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. ശബരിമലയില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാരായിരുന്നവരാണ് ദേവസ്വത്തില്‍നിന്ന് ഭക്തര്‍ക്ക് വില്‍ക്കാനേല്‍പിച്ച ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ ലോക്കറ്റുകള്‍ അപഹരിച്ചത്.
ശബരിമല ദര്‍ശനത്തിനത്തെുന്ന അയ്യപ്പന്മാര്‍ക്ക് വില്‍ക്കാന്‍ മുബൈയിലെ ഇന്‍ഫെനിയം പ്രേസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍നിന്ന് വാങ്ങി സൂക്ഷിച്ച വിവിധ തൂക്കത്തിലുള്ള സ്വര്‍ണ ലോക്കറ്റുകള്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാര്‍ ചാര്‍ജ് വിട്ടപ്പോള്‍ തിരികെ ഏല്‍പിച്ചില്ളെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കണ്ടത്തെിയിരുന്നു.
ദേവസ്വം രേഖകള്‍ പ്രകാരം ബാക്കിയുള്ള ലോക്കറ്റുകള്‍ അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസറുടെ സാന്നിധ്യത്തില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പക്കല്‍ ഏല്‍പിച്ചു. ഇത് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ ഓഫിസില്‍ പ്രത്യേകം സ്റ്റോക്ബുക് ഉണ്ടാക്കി സൂക്ഷിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. അത് പാലിച്ചില്ളെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാരായ രണ്ടുപേരും പിന്നീട് ഇതിന്‍െറ താല്‍ക്കാലിക ചുമതലയുള്ള ഒരാളും ഇതില്‍ ഉള്‍പ്പെട്ടതായും വിജിലന്‍സ് കണ്ടത്തെിയിരുന്നു. കുറ്റക്കാരായ രണ്ടുപേര്‍ സര്‍വിസില്‍നിന്ന് വിരമിക്കുകയും മറ്റൊരാള്‍ ദേവസ്വം ബോര്‍ഡ് മെംബറുടെ പി.എ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ബോര്‍ഡിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല.