ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായനീക്കത്തിനു തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബം അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായശേഷം ചര്‍ച്ച നടത്താമെന്നു അവര്‍ പറഞ്ഞു. തിങ്കളാഴ്ചയാണു മുഖ്യമന്ത്രിയും തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന തീരുമാനം സര്‍ക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് പന്തളം രാജകുടുംബവും സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നതിന്റെ യുക്തി എന്താണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ ചോദിച്ചു. സമവായത്തിനുള്ള സാദ്ധ്യത സര്‍ക്കാര്‍ തന്നെയാണ് ആദ്യമേ ഇല്ലാതാക്കിയത്. ഇപ്പോഴള്‍ ചര്‍ച്ചയ്ക്കല്ല, റിവ്യൂ ഹര്‍ജി നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും ശശികുമാര വര്‍മ പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടില്‍ അയവ് വരുത്തിയിട്ടില്ലെന്നാണ് സൂചന. തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി നിലപാടല്ല കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ശബരിമലയെ കുറിച്ചും ഹിന്ദുമതത്തെ കുറിച്ചും അഗാധ പാണ്ഡിത്യമുള്ളവരും മികച്ച പ്രതിച്ഛായയുള്ളവരും ഉള്‍പ്പെടുന്ന കമ്മിഷനെ നിയോഗിച്ച് തര്‍ക്കത്തിന് പരിഹാരം കാണണമെന്ന അഭ്യര്‍ത്ഥനയാണ് കോടതിയില്‍ സ്വീകരിച്ചതെന്നും അത് അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.
അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അക്രമത്തിന്റെ പാത സ്വീകരിക്കാന്‍ ചിലര് കോപ്പുകൂട്ടുന്നു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ തന്നെ അക്രമ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ തല നെയ്‌ത്തേങ്ങകൊണ്ട് അടിച്ചുപൊട്ടിക്കുമെന്നാണ് ഇന്ത്യന്‍ നായര്‍ മൂവ്‌മെന്റ് പ്രതിനിധി ചാര്‍ച്ചയില്‍ പറഞ്ഞത്. ഞങ്ങള്‍ മൂന്നരലക്ഷം പേരുണ്ട് ശബരിമലയില്‍ കയറുന്ന യുവതികളുടെ തല നെയ്‌ത്തേങ്ങകൊണ്ട് തല്ലിപ്പൊട്ടിക്കുമെന്ന് ഇന്ത്യന്‍ നായര്‍ മൂവ്‌മെന്റ് പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.