ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി .സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും പുറത്ത് പോകുമെന്ന് സൂചനകളാണ് പുറത്ത് വരുന്നത് .തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സച്ചിൻ – ഗെഹ്ലോട്ട് അഭിപ്രയാവ്യത്യാസം മാറാ നീക്കി പുറത്ത് വന്നിരിക്കുകയാണ് .അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ അതിരൂക്ഷമായ യുഫദ്ധ പ്രഖ്യാപനവുമായിട്ടാണ് സച്ചിൻ പ്രതികരിച്ചത് . രാജസ്ഥാനില്‍
അശോക് ഗെഹ്ലോട്ട് സർക്കാരിൽ സര്‍വത്ര അഴിമതി.അഴിമതിയിൽ യാതൊരു ഒത്തുതീർപ്പും ഇല്ല, നടപടി വേണമെന്ന യുദ്ധപ്രഖ്യാപനവുമായി പൈലറ്റ് വന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ് .
അഴിമതിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. സച്ചിൻ-ഗെഹ്ലോട്ട് തർക്കത്തിൽ ഹൈക്കമാന്റ് ഇടപെട്ട് പ്രശ്ന പരിഹാരം സാധ്യമാക്കിയതിന് പിന്നാലെയാണ് വീണ്ടും കടുത്ത നിലപാടുമായി സച്ചിൻ രംഗത്തെത്തിയത്.
അഴിമതിയുടെ കാര്യത്തിലും യുവാക്കളുടെ ഭാവിയുടെ കാര്യത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇല്ല. മെയ് 15 ന് ജയ്പൂരിൽ നടന്ന യോഗത്തിൽ യുവാക്കൾക്ക് ഞാൻ ഒരു വാക്ക് നൽകിയിരുന്നു, അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ ഡൽഹിയിലെ പാർട്ടി നേതാക്കളുടെ മുന്നിൽ വെച്ചും ആവർത്തിച്ചിരുന്നു’, ടോങ്കിൽ മാധ്യമ പ്രവർത്തകരോട് സച്ചിൻ പൈലറ്റ് പറഞ്ഞു. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവർത്തിച്ച സച്ചിൻ രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം നടപ്പാക്കണമെന്നും സര്‍ക്കാര്‍ നടപടികള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
കോൺഗ്രസ് അഴിമതിക്കെതിരാണെന്നും ഒരു ഒത്തുതീർപ്പിനും തയ്യാറാകില്ലെന്നും രാഹുൽ ഗാന്ധി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യുവാക്കൾക്കെതിരായ നടപടികളും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിയതിൽ യാതൊരു തെറ്റുമില്ല’,സച്ചിൻ വ്യക്തമാക്കി.
വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികളിൽ അന്വേഷണം നടത്താൻ ഗെഹ്ലോട്ട് സർക്കാർ തയ്യാറാകണമെന്നതാണ് സച്ചിന്റെ ആവശ്യം. കോൺഗ്രസിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. അഴിമതിയോടുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ നിലപാടിനെതെിരെ പദയാത്ര നടത്തിയ സച്ചിൻ മെയ് 31 വരെ താൻ കാത്തിരിക്കാമെന്ന മുന്നറിയിപ്പായിരുന്നു നേരത്തേ നൽകിയത്.
ഈ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം സച്ചിനേയും ഗെഹ്ലോട്ടിനേയും ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. തുടർന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് ഇരുവരുമായും രാഹുൽ ഗാന്ധി അടക്കമുള്ളവർ ചർച്ച നടത്തുകയായിരുന്നു. ചർച്ചയ്ക്ക് പിന്നാലെ ഇരു നേതാക്കളും ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കുമെന്നായിരുന്നു സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയത്.
അതേസമയം സച്ചിൻ വീണ്ടും നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയ സാഹചര്യത്തിൽ ഇനി പാർട്ടി എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ അത് വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയായിരിക്കും നേതൃത്വത്തിന്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഗെഹ്ലോട്ടിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചതോടെ സച്ചിന്റെ നീക്കം ഇനി എന്താകും എന്നതാണ് മറ്റൊരു ചോദ്യം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇത്തവണ തന്നെ പ്രഖ്യാപിക്കണമെന്നതാണ് സച്ചിന്റെ ആവശ്യം. ഈ മോഹത്തോടെയാണ് സച്ചിൻ സമ്മർദ്ദം ശക്തമാക്കുന്നത്. എന്നാൽ അത്തരമൊരു പ്രഖ്യാപനം ഉണ്ടായാൽ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം നേതാക്കൾ വിമത നീക്കം നടത്തിയേക്കും. ഇതോടെ തർക്കങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാനുള്ള പോംവഴികളാകും കോൺഗ്രസ് മുന്നോട്ട് വെച്ചേക്കുക.