ജയ്പൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെയെന്ന് ഉറപ്പിച്ച അവസ്ഥയാണ്. കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ ആര് ഭരിക്കുമെന്നതാണ് അടുത്ത ചോദ്യം. അതിന് ഉയര്‍ന്നുവരുന്ന ഉത്തരം സച്ചിന്‍ പൈലറ്റാണ്. യുവാക്കള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും പിന്തുണ ഉള്ള അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയപ്പെട്ടവനാണ്. സച്ചിന്‍ പൈലറ്റിനൊപ്പം ഉയര്‍ന്നുവരുന്ന മറ്റൊരു പേരാണ് അശോക് ഗെലോട്ട്.
മുഖ്യമന്ത്രി പദത്തേക്കാള്‍ തനിക്ക് പ്രധാനം പാര്‍ട്ടിയാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം അശോക് ഗെലോട്ട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അഭ്യൂഹങ്ങളുടെയും ആവശ്യമില്ല. ബിജെപി വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ്. രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിനുള്ളതെന്ന് പ്രചാരണ സമയത്ത് ബിജെപി പരിഹസിച്ചിരുന്നു. ജനങ്ങളെ സേവിക്കാന്‍ തനിക്ക് പദവികളുടെ ആവശ്യമില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു.
മറുവശത്ത് സച്ചിന്‍ പൈലറ്റ് ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാണ്. നാലു ദശകങ്ങളായി മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ സച്ചിന്‍ പൈലറ്റിനെ നിര്‍ത്തിയത്. ബിജെപി ആകട്ടെ അവരുടെ ഏക മുസ്ലീം സ്ഥാനാര്‍ത്ഥിയെ സച്ചിന്‍ പൈലറ്റിനെതിരെ ഇറക്കി. തന്റെ അടുത്ത സുഹൃത്തുകൂടിയായ സച്ചിന്‍ പൈലറ്റിനാണ് രാഹുല്‍ ഗാന്ധി പ്രചാരണ റാലികളില്‍ അമിതപ്രാധാന്യം നല്‍കുന്നതെന്ന് ഗെലോട്ട് പക്ഷം അതൃപ്തി അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും പൈലറ്റിന് അനുകൂലഘടകമാണ്. സംസ്ഥാനത്ത് സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ട് സാധ്യതകള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.