ന്യുഡൽഹി:രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് സച്ചിൻ പൈലറ്റിനെ പുറത്താക്കി. രാജസ്ഥാൻ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുകൂടി നീക്കിയിട്ടുണ്ട്.കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റും സംഘവും വിട്ടുനിന്നതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിനെ മാറ്റുന്നത്.നിയസഭകക്ഷിയോഗത്തിൽ നിന്നും വിട്ട് നിന്ന പിന്നാലെയാണ് നടപടി. ഇന്ന് കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭ കക്ഷി യോഗം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബഹിഷ്കരിച്ചിരുന്നു.
സച്ചിനൊപ്പമുള്ള 18 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വതിന് അവസാനം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് വീണ്ടും നിയമസഭ കക്ഷിയോഗം വിളിച്ച് ചേർത്തത്. എന്നാൽ തനിക്കൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ട് കൊണ്ടായിരുന്നു സച്ചിൻ കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചത്. ഇതോടെയാണ് സച്ചിനെതിരെ കോൺഗ്രസ് കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് അശോക് ഗെലോട്ട് ക്യാമ്പ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ജയ്പൂരിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു എംഎൽഎമാരുടെ ആവശ്യം.
രണ്ടാം ഘട്ട നിയമസഭാകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങൾക്ക് താത്ക്കാലികമായി അറുതി വരുത്താമെന്ന കോൺഗ്രസ് തീരുമാനിച്ചെങ്കിലും, തങ്ങൾ മുന്നോട്ടുവച്ച ഫോർമുലയിൽ നിന്ന് പിന്മാറില്ലെന്ന് സച്ചിൻ പൈലറ്റ് നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സുപ്രധാന വകുപ്പുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ നീക്കം. എന്നാൽ പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ച സച്ചിൻ പൈലറ്റ് മുൻ നിലപാടിൽ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിച്ചു.
സച്ചിന് പകരം ഗോവിന്ദ് ദോത്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. ബിജെപിയുടെ തന്ത്രങ്ങൾക്ക് സച്ചിൻ വഴങ്ങിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സച്ചിൻ അനുകൂലികളായ രണ്ട് മന്ത്രിമാരേയും കോൺഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.സച്ചിൻ പൈലറ്റിന്റെ 30 കളിലാണ് കോൺഗ്രസ് അദ്ദേഹത്തെ കോൺഗ്രസ് കേന്ദ്രമന്ത്രിയാക്കിയത്. 40 ൽ അദ്ദേഹത്തിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയാക്കി. നിരവധി അവസരങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. ബിജെപി വിരിച്ച വലയിൽ സച്ചിനും മന്ത്രിമാരും വീണത് ഖേദകരമാണെന്ന് സുർജേവാല പ്രതികരിച്ചു.
സച്ചിൻ പൈലറ്റുമായി ഇന്നലെ അർധരാത്രി വൈകിയും കോൺഗ്രസ് ഹൈക്കമാന്റ് സമവായ ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാവ് പി ചിദംബരവുമെല്ലാം സച്ചിനോട് കോൺഗ്രസ് വിടരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സച്ചിന് വീണ്ടും അവസരം നൽകാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ന് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചത്.എന്നാൽ വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ ഹരിയാനയിലെ റിസോർട്ടിലാണ് സച്ചിൻ തുടരുന്നതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് പൈലറ്റ്. സച്ചിനൊപ്പം 17 എംഎൽഎമാർ ഉണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് പറയുന്നത്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് പിന്നിൽ സച്ചിൻ പൈലറ്റ് നിർണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതൽ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരുന്നു.
അതേസമയം സച്ചിൻ പൈലറ്റും എംഎൽഎമാരും പാർട്ടി വിട്ടാലും കോൺഗ്രസ് സർക്കാരിന് ഭീഷണിയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 200 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. 102 പേർ നിലവിൽ തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് 107 എംഎൽഎമാാരാണ് ഉള്ളത്.104 എംഎൽഎമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എംഎൽഎമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.അതേസമയം, സച്ചിൻ പൈലറ്റിനെ ബിജെപി മുതിർന്ന നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.