ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരെ എന്നും പ്രസ്താവനകള്‍ ഇറക്കി വിവാദങ്ങളില്‍പെടുന്ന വിഎച്ച്പി നേതാവ് സാധ്വി പ്രാചി അടുത്ത വിവാദവുമായി രംഗത്തെത്തി. ഇന്ത്യയെ വിമുക്തമാക്കാനുള്ള സമയമായെന്നാണ് സാധ്വി പ്രാചി പറയുന്നത്. വിവാദ പ്രസ്താവനയിറക്കി വര്‍ഗീയ കലാപത്തിന് തിരി കൊളുത്തുകയാണ് പ്രാചി.
ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും പ്രാചി പറയുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.
റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എംഎല്‍എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് മുന്നൂറു സീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി തുടര്‍ന്നു.