കൊച്ചി: സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനെ തുടർന്ന് ആണ് രാജി .സെക്രട്ടറിക്ക് നൽകിയ കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗീകരിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതല് ആരോപണങ്ങൾ നേരിടുന്നതായി രാജിക്കത്തിൽ പറയുന്നു. കൈക്കൂലി ആരോപണത്തിന് കാരണമെന്തെന്ന് ഗൂഢാലോചന നടത്തിയവർക്കേ അറിയൂ. ചില അഭിഭാഷകരുടെ വ്യക്തിവൈരാഗ്യം തൊഴിലിനു മാത്രമല്ല അഭിഭാഷക സമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. അന്വേഷണത്തിലൂടെ സത്യവും ഗൂഢാലോചനയും പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്ന് സൈബി രാജിക്കത്തിൽ പറയുന്നു.
മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസം ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണം അതീവ ഗുരുതരമെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.