തിരുവനന്തപുരം :എസ്എഫ്ഐ പ്രവർത്തകയായിരുന്ന പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്നു തട്ടിയെടുത്തെന്ന പരാതി സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രത്യേകിച്ച് സിപിഎമ്മിനുള്ളിലും ഏറെ ചർച്ചയാകുമ്പോൾ കടുത്ത പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് . അനുപമ ചന്ദ്രനും അജിത്തിനുമെതിരെ വിവാദ പരാമർശങ്ങളുമായിട്ടാണ് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നത് .‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എന്ന് സജി ചെറിയാൻ തുറന്നടിച്ചു
എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.’’ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മദ്യശാലകൾക്കും ലൈംഗികതയ്ക്കും എതിരെയുള്ള നിലപാടിനെയും മന്ത്രി വിമർശിച്ചു. സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽതന്നെ പൊട്ടിത്തെറിയാണ്.
സ്പെയിനിൽ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണത്. ഇവിടെ നമ്മൾ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്.
നിയമം മൂലം ക്യാംപസിലെ സംഘടനാ പ്രവർത്തനം പുന:സ്ഥാപിക്കണം. കുറേ പഠിക്കുക, കുറേ ഛർദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടർന്നു പഠിക്കാൻ സീറ്റില്ല. പാവം ശിവൻകുട്ടി (മന്ത്രി) വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.
അതേസമയം അതേസമയം അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളും നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്.ദത്ത് നടപടികൾ തിരുവനന്തപുരം കുടുംബ കോടതിയിൽ പുരോഗമിക്കുന്പോഴാണ് കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ രംഗത്തെത്തിയത്.ഇതേത്തുടർന്നു ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ അപേക്ഷ കോടതി താത്കാാലികമായി അംഗീകരിക്കുകയും കേസ് അടുത്ത മാസത്തിലേക്കു പരിഗണിക്കാനായി മാറ്റുകയായിരുന്നു.
സിപിഎം കുടുംബത്തിലെ അംഗമായ പിതാവും മാതാവും ഉൾപ്പെടെയുള്ളവർ ഭരണ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചു കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ പേരൂർക്കട പോലീസിൽ ആറ് മാസം മുൻപ് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല.ഒടുവിൽ വിഷയം മാധ്യമശ്രദ്ധയിൽ വന്നതോടെയാണ് കുഞ്ഞിന്റെ ജനനവും തിരോധാനവും കേരള സമൂഹത്തിൽ ചർച്ചയായത്.
പേരൂർക്കടയിലെ അറിയപ്പെടുന്ന പാർട്ടികുടുംബത്തിലെ അംഗമായി ജനിച്ച അനുപമയുടെ മുത്തശ്ശൻ പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു മരണം വരെയും.അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മകൻ ജയചന്ദ്രനും ഭാര്യയും പാർട്ടിയുടെ സജീവപ്രവർത്തകരായി മാറി. പിതാവിന്റെ രാഷ്‌ട്രീയ പാത മകളായ അനുപമയും സ്വീകരിച്ചു.
എസ്എഫ്ഐയിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്ന് വന്ന അനുപമ ഡിവൈഎഫ്ഐ നേതാവായ അജിത്ത് എന്ന യുവാവുമായി പ്രണയത്തിലാകുകയായിരുന്നു.വിവാഹിതരാകുന്നതിന് മുൻപ് അനുപമ അജിത്തിൽനിന്നു ഗർഭം ധരിച്ച വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്.ഗർഭഛിദ്രം നടത്താൻ വീട്ടുകാർ പ്രേരിപ്പിച്ചെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് പിന്നീട് അനുപമ മാധ്യമങ്ങളോടു പറഞ്ഞത്.