ചെങ്ങന്നൂ വലിയ ദുരന്തമുണ്ടാകും..വേദനയോടെ നിസഹായരായി ജനപ്രതിനിധികളും സഹായങ്ങള്‍ക്കായി വിലപിക്കുന്നു

ചെങ്ങന്നൂര്‍: പതിനായിരത്തോളം പേര്‍ മരണമുഖത്താണ്. ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് എംഎല്‍എ സജി ചെറിയാൻ .സൈന്യത്തിന്റെ അടിയന്തര സഹായം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. അരലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കണം. എയര്‍ലിഫ്റ്റിംങ് അല്ലാതെ മറ്റു വഴികളില്ല. ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിൽ നിസഹായരായി ജനപ്രതിനിധികള്‍. സര്‍ക്കാര്‍ അതിന്‍റെ എല്ലാം സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും എല്ലായിടത്തേക്കും അത് എത്തുന്നില്ലെന്നുള്ള പരാതികളാണ് കൂടുതലും ഉയരുന്നത്.

പല പ്രദേശങ്ങളിലും ദിവസങ്ങളായി ഭക്ഷണവും വെള്ളവുമൊന്നും ലഭിക്കാതെ ആയിരങ്ങളാണ് കുടുങ്ങി കിടക്കുന്നത്. നിരവധി വട്ടം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിട്ടും സഹായം ലഭിക്കാതെ ഭയത്തിലാണ് അവര്‍ കഴിയുന്നത്. സംഭരിച്ച ധെെര്യമെല്ലാം ചോരുമ്പോഴും തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഫോണ്‍ വിളികളായും സന്ദേശങ്ങളായും എത്തുന്നവരില്‍ നിന്ന് ലഭിക്കുന്നത്.

ജനപ്രതിനിധികള്‍ക്ക് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കാണാനാകുന്നില്ല. ബോട്ടുകളിലും വള്ളങ്ങളിലുമൊന്നും രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥകള്‍ നേരിടുമ്പോള്‍ എയര്‍ ലിഫ്റ്റിംഗ് എന്ന ഒറ്റ മാര്‍ഗമാണ് പലയിടങ്ങളിലെയും ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് മണ്ഡലത്തിലെ ഭീകരാവസ്ഥയെപ്പറ്റിയുള്ള യഥാര്‍ഥ ചിത്രം ആദ്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. നിലയില്ലാത്ത എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴിഎന്നും അദ്ദേഹം പറഞ്ഞു .അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍. രക്ഷാപ്രവര്‍ത്തനം നടന്നില്ലെങ്കില്‍ നിരവധി പേര്‍ മരണപ്പെടുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

തൊട്ടുപിന്നാലെ പറവൂരിലെ അവസ്ഥകള്‍ വിവരിച്ച് വി.ഡി. സതീശന്‍ എംഎല്‍എയും രംഗത്ത് എത്തി.പറവൂരില്‍ ഒരു തരത്തിലുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് എംഎല്‍എ പറയുന്നത്. പതിനായിരക്കണക്കിന് പേര്‍ വീട്ടിലും മറ്റും കുടങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ദുരിതത്തിലാണ്.

ഒരു കിറ്റ് മരുന്നുപോലും പറവൂര്‍ പ്രദേശത്ത് കിട്ടിയില്ല. 40 ഒാളം ദുരന്ത നിവാരണ സംഘം ഇവിടെയുണ്ടെന്ന് പറയുന്നു, എന്നാല്‍ ഒരു സൈനികനും ഇവിടെ എത്തിയിട്ടില്ല. അതേ സമയം മുനമ്പത്ത് നിന്ന് എത്തിയ മത്സ്യബന്ധന ബോട്ടുകളും, രണ്ട് നേവി ബോട്ടുകളും മാത്രമാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

തന്‍റെ മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് അങ്കമാലി എംഎല്‍എ റോജി എം. ജോണും പറഞ്ഞു. മലയാറ്റൂര്‍ പാറക്കടവ് പ്രദേശങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. കാലടിയിലും മറ്റും ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ്.

പെരിയാറിന്‍റെ വടക്ക് വശത്തുള്ള ആളുകള്‍ ജീവന് ഭീഷണി നേരിടുന്നു. രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭക്ഷണവും വെള്ളവും എങ്കിലും എത്തിക്കാന്‍ ഉടന്‍ സാധിക്കണം. എറണാകുളം ജില്ലയില്‍ സെെന്യം എത്തിയിട്ടും ഇവിടങ്ങളില്‍ ആരും എത്തിയില്ലെന്നും എംഎല്‍എ പറഞ്ഞു.

കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ചെങ്ങന്നൂരില്‍ അവസ്ഥ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെ അറിയിച്ചിരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

അതനുസരിച്ച് രണ്ട് ഹെലികോപ്ടര്‍ ചെങ്ങന്നൂരിലേക്കായി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരമായി ബന്ധപ്പെടാനായിരുന്നു പിന്നീടുള്ള നിര്‍ദേശം. എന്നാല്‍, അനുവദിച്ച ഹെലികോപ്ടര്‍ ചെങ്ങന്നൂരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ചില്ലെന്ന് വേണം മനസിലാക്കാന്‍. അത് കൊണ്ടാണ് എയര്‍ ലിഫ്റ്റിംഗ് നടക്കാതിരുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

തിരുവനന്തപുരം കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. മറ്റ് ജില്ലകളിൽ റെഡ് അലർട്ട് തുടരും.സംസ്ഥാനത്ത് ഈ മാസം ഒൻപതിന് തുടങ്ങിയ ശക്തമായ മഴയ്ക്ക് അൽപം ശമനമായി. ഇന്ന് രാവിലെ രാവിലെ സംസ്ഥാനത്ത് ചിലയിടങ്ങിൽ മഴ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനം ഒട്ടാകെ മഴയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഒഡീഷ തീരങ്ങളിൽ രൂപം കൊണ്ട് ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞതും ന്യൂനമർദ്ദം മദ്ധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങിയതും മഴയുടെ ശക്തി കുറയാൻ കാരണമായി. മാത്രമല്ല മൺസൂൺ കാറ്റിനും ശക്തി ക്ഷയിച്ചു. ഇക്കാരണങ്ങളാൽ 19 മുതൽ കേരളത്തിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.മഴയിൽ കുറവുണ്ടായ തിരുവനന്തപുരം കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് നിൻവലിച്ചു. എന്നിരുന്നാലും തെക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ള തിന്നാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Top