തൃശൂര്‍:പ്രഫഷണല്‍ കില്ലറെ വെല്ലുന്ന തരത്തില്‍ കൂട്ടുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതി മണ്ണുത്തി പട്ടാളക്കുന്നത്ത് ദിലീപിനെ(അഷ്‌റഫ്-35) കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രതിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണ് സൂചന. ഇനി തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതുകൊണ്ടാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വൈകുന്നത്.
ആദ്യത്തെ കൊലപാതകത്തിന്റെ യാതൊരു പതര്‍ച്ചയും പാളിച്ചകളുമില്ലാതെയാണ് ദിലീപ് സജിയെ കൊന്ന് ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. പ്രഫഷണര്‍ കില്ലറെ വെല്ലുന്ന കൃത്യമെന്നാണ് ക്രൈംബ്രാഞ്ച് ഇതിനെ കണക്കാക്കുന്നത്. കൊലപാതകം ചെയ്യുന്ന സമയത്ത് ദിലീപിന് 30 വയസായിരുന്നു. വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ദിലീപിന് അന്ന് നല്ല ആരോഗ്യമുണ്ടായിരുന്നുവത്രെ. 30ലും 25കാരന്റെ ആരോഗ്യമായിരുന്നു ദിലീപിനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒറ്റയ്ക്ക് കൊലനടത്തി അത് വളരെ ബുദ്ധിപൂര്‍വം ഒളിപ്പിക്കാന്‍ ദിലീപിന് കഴിഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് തുല്യമാണിത്. വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിയതോടെ തലയോട്ടി പിളര്‍ന്നിരുന്നു. തലയോട്ടി തകരും വിധമുളള ആ വെട്ട് പ്രഫഷണല്‍ കില്ലര്‍മാരുടെ രീതിയാണ്. തലയോട്ടി തകര്‍ന്ന വിധമുള്ള ആ വെട്ടാണ് സജിയുടെ മരണത്തിന് കാരണമായതെന്ന് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
കൊലയ്ക്ക് ശേഷം വളരെ കൃത്യമായി കാര്യങ്ങള്‍ നടത്തുകയും കൊലനടന്ന സ്ഥലത്ത് അതിന്റെ ഒരു തെളിവുപോലും അവശേഷിപ്പിക്കാത്തതും ദിലീപിന്റെ മിടുക്കായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അന്വേഷണം തന്നിലേക്കാണെന്ന് മനസിലായപ്പോള്‍ പോലീസിനെ പോലും വെട്ടിലാക്കിക്കൊണ്ട് ദിലീപ് പത്രസമ്മേളനം നടത്തിയതും പിന്നീട് വിദേശത്തേക്ക് പോയതും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. പോലീസ് പീഡനത്തിന്റെ പേരു പറഞ്ഞ് ദിലീപ് തൃശൂരിലെ ചില മനുഷ്യാവകാശപ്രവര്‍ത്തകരെ പോലും തെറ്റിദ്ധരിപ്പിച്ചിരുന്നു. അഞ്ചുവര്‍ഷം ഒരു കൊലപാതകത്തെ സമര്‍ഥമായി ഒളിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും സത്യം എന്നെങ്കിലും പുറത്തുവരുമെന്ന സത്യം വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
വിദേശത്തായിരുന്ന ദിലീപ് പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തുമെന്ന് ക്രൈംബ്രാഞ്ചിന് ഉറപ്പുണ്ടായിരുന്നു. ഇതോടൊപ്പം ഇയാളെ നാട്ടിലെത്തിക്കാന്‍ പലഭാഗത്തു നിന്നും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും ക്രൈംബ്രാഞ്ച് വിരിച്ച വലയില്‍ വീഴാതെ ദിലീപിന് നിവൃത്തിയുണ്ടായിരുന്നില്ല. സൗദി അറേബ്യയിലെ മദീനയില്‍ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
അതേസമയം കൊല്ലപ്പെട്ട ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ ജോണ്‍ മകന്‍ സജിയുടെ മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി വീണ്ടും കൊലനടന്ന കിഴക്കേകോട്ടയിലെ വര്‍ക് ഷോപ്പ് നിന്നിരുന്ന സ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ദിലീപ് പൊട്ടിച്ച് നശിപ്പിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതു കൂടി കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ തെളിവാകുമെന്ന് ക്രൈംബ്രാഞ്ച് സിഐ വി.കെ.രാജു പറഞ്ഞു. കൂടാതെ സജിയുടെ ബൈക്ക് ദിലീപ് കൊണ്ടുപോയി ഉപേക്ഷിച്ച തൃശൂരിലെ ഹോട്ടലിന്റെ പരിസരത്തും പരിശോധന നടത്തും.
ഡിഎന്‍എ ടെസ്്റ്റ് അടക്കമുള്ള ശാസ്ത്രീയപരിശോധന നടപടികളും ഇതോടൊപ്പം നടത്തും. പോസ്റ്റുമോര്‍ട്ടത്തില്‍ സജിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ സജിയുടേതാണെന്ന് സ്ഥിരീകരിക്കുന്നതോടെ കേസിന് പൂര്‍ണരൂപമാകും. കൊലനടത്തിയെന്ന പ്രതി ദിലീപിന്റെ കുറ്റസമ്മതവും ക്രൈംബ്രാഞ്ചിന് ഏറെ ഗുണം ചെയ്യും. ദിലീപിന്റെ പേരില്‍ ഇതിന് മുമ്പ് വേറെ കേസുകളൊന്നുമില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പണം പലിശയ്ക്ക് നല്‍കിയിരുന്ന സജിയില്‍ നിന്ന് ഇയാള്‍ കടം വാങ്ങിയ 40,000രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സജിയുടെ കാര്‍ വാടകയ്‌ക്കെടുത്തതു ദിലീപ് തിരിച്ചുകൊടുക്കാത്തതും പ്രശ്‌നമായിരുന്നു. സംഭവദിവസം വൈകീട്ട് ആറുമണിയോടെ മദ്യപിച്ച് വര്‍ക്ക്‌ഷോപ്പിലെത്തിയ സജിയും ദിലീപും തമ്മില്‍ വാക്കേറ്റവും പിടിവലിയുമുണ്ടാവുകയും ചെയ്തിരുന്നു. പ്രകോപിതനായ ദിലീപ് സജിയെ വെട്ടുകത്തികൊണ്ട്് തലയ്ക്ക് വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് ചോരവാര്‍ന്ന് മരിച്ച സജിയുടെ മൃതദേഹം ചാക്കിലാക്കി കെട്ടിവലിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്ന് ദിലീപ് കുറ്റസമ്മതം നടത്തി. തലയോട്ടിയില്‍ രണ്ട് വലിയ മുറിവുകളും മൂന്നിലധികം ചെറിയ മുറിവുകളുമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് പറഞ്ഞു.
ക്രൈംബ്രാഞ്ച് ഡിക്റ്റക്റ്റീവ് വിഭാഗം ഇന്‍സ്‌പെക്ടര്‍ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് അഞ്ചുവര്‍ഷം മുമ്പുള്ള ഒരു കൊലക്കേസ് വളരെ ശക്തമായ തെളിവുസഹിതം തെളിയിക്കാനായത് പൊന്‍തൂവലായി. തന്നെ കണ്ട ശേഷം സജി പുത്തന്‍പള്ളിക്കരികിലേക്ക് പോയി എന്ന ദിലീപിന്റെ മൊഴി തന്നെയാണ് ദിലീപിന് വിനയായത്. ദിലീപിന് ശേഷം സജിയെ മറ്റാരും കണ്ടിട്ടില്ലെന്ന്് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടതോടെ ദിലീപിന്റെ മൊഴിയെ തങ്ങള്‍ റിവേഴ്‌സിലെടുത്ത് പരിശോധിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വി.കെ.രാജു പറഞ്ഞു. അവസാനം കണ്ടയാള്‍ ദിലീപാണെന്നതുകൊണ്ട് അന്വേഷണം അവിടെ കേന്ദ്രീകരിച്ച് മുന്നോട്ടുപോയപ്പോഴാണ് പ്രതി വലയിലായത്. അവസാനം കണ്ടയാളുടെ ചുറ്റുപാടുകള്‍ പരിശോധിക്കാമെന്ന തീരുമാനമാണ് സെപ്റ്റിക് ടാങ്ക് തുറക്കുന്നതിലേക്ക് നയിച്ചത്. 2010 ഓഗസ്റ്റ് 29 മുതലാണ് സജിയെ കാണാതാവുന്നത്.
അന്ന് ലോക്കല്‍ പോലിസ് കേസന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്താല്‍ അവസാനിപ്പിക്കുകയായിരുന്നു. സംശയനനിഴലില്‍ ഉള്‍പ്പെട്ടിരുന്ന ദിലീപ് വിദേശത്തേക്ക് കടന്നു. 2012 മുതല്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചതോടെ സജിയുടെ സുഹൃത്തായ ദിലീപുമായി പണമിടപാടിനെ ചൊല്ലി വാക്കുതര്‍ക്കം നനടന്നതായി കണ്ടെത്തിയിരുന്നു. നാട്ടിലേക്ക് വരണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ഇയാള്‍ വരാതെ ഭാര്യയെക്കൂടി വിദേശത്തേക്ക് കൊണ്ടുപോവുകയാണുണ്ടത് ഇത് സംശയം ബലപ്പെടുത്തി.
കാണാതാവുമ്പോള്‍ സജി ഉപയോഗിച്ചിരുന്ന ബൈക്ക് തൃശൂരിലെ ട്രിച്ചൂര്‍ ടവര്‍ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരുന്നു. സജി വര്‍ക്ക്‌ഷോപ്പില്‍ നിന്ന് 5.30ഓടെ പുത്തന്‍ പള്ളിഭാഗത്തേക്ക് പോയതായാണ് ദിലീപ ് ലോക്കല്‍ പോലീസിന് നല്‍കിയ മൊഴി. സജിയുടെ മരണ ദിവസം അഞ്ചരവരെ തന്നോടൊപ്പമുണ്ടായിരുന്ന സജിയെ പിന്നീട് കണ്ടിട്ടില്ലെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ദിലീപുമായി കൂടിക്കാഴ്ചക്ക് ശേഷം സജിയെ മറ്റാരും കണ്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ദിലീപിലേക്ക് കേന്ദ്രീകരിച്ചത്.
50ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നാട്ടില്‍ നടത്തിയിരുന്ന സജിക്ക് അതുപേക്ഷിച്ച് നാടുവിടേണ്ട സാഹചര്യമില്ലെന്ന നിഗമനവും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധുവിന്റെ നിര്‍ദേശ പ്രകാരം നടത്തിയ വിശദമായ അന്വേഷണങ്ങളില്‍ ദിലീപിന്റെ വര്‍ക്ക്‌ഷോപ്പ് നിലനിന്നിരുന്ന കിഴക്കേ കോട്ടയിലെ കെട്ടിട പരിസരത്തെ വലിയ കാടുമുഴുവന്‍ വെട്ടിത്തെളിച്ച് പരിശോധിച്ചത്. അവസാനം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചതോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇത് കണ്ടെത്തിയതിന്റെ രണ്ടാം നാള്‍ ദിലപിന്റെ പിതാവ് മരണമടഞ്ഞു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ദിലീപ് നാട്ടിലെത്തുമെന്ന് അന്വേഷണസംഘത്തിന് ഉറപ്പായിരുന്നു. നാട്ടിലേക്ക് വരേണ്ടെന്ന്് ബന്ധുക്കളില്‍ ചിലര്‍ ദിലീപിനെ ഗള്‍ഫില്‍ വിളിച്ചറിയിച്ചെങ്കിലും മരണാനന്തരചടങ്ങുകള്‍ക്കും മറ്റുമായി ദിലീപ് നാട്ടിലെക്കെത്തിക്കുകയായിരുന്നു. വീട്ടിലും എയര്‍പോര്‍ട്ടിലും ഇയാള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ക്രൈംബ്രാഞ്ച് ഇയാളെ കാത്തിരിക്കുകയായിരുന്നു.