തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹമാണ് ചായ്-സാമിന്റേത്. വിവാഹശേഷം സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു സമന്തയും നാഗചൈതന്യയും. പിന്നീട് ഇരുവരും അവധിയാഘോഷിക്കാന്‍ വിദേശത്തുപോയതും ചിത്രങ്ങളും സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സമന്ത മാധ്യമങ്ങളോട് പറഞ്ഞു. നാഗചൈതന്യയില്‍ നിന്ന് കുറച്ച് പാഠങ്ങള്‍ പഠിച്ചുവെന്നും സാം വ്യക്തമാക്കി.
സമന്തയുടെ വാക്കുകള്‍:
വൈകുന്നേരം ആറ് മണിക്ക് ശേഷം സിനിമയെക്കുറിച്ച് സംസാരിക്കരുത്. സാധാരണയായി ആറ് മണിയാകുമ്പോള്‍ ഞങ്ങളുടെ ഷൂട്ട് അവസാനിച്ച് വീടെത്തും. വീട്ടില്‍ വന്ന് സിനിമാക്കാര്യങ്ങള്‍ സംസാരിക്കരുതെന്ന് നാഗചൈതന്യ പറഞ്ഞു. അതൊരു ജോലി മാത്രമാണ്, കൂടുതല്‍ അതിനെക്കുറിച്ച് ചിന്തിക്കരുത്. വീടെത്തിയാല്‍ നമ്മുടെ കാര്യങ്ങള്‍ മാത്രം ചിന്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
ആ നിലപാട് ഏറ്റവും പ്രയോജനപ്പെട്ടത് എനിക്കാണ്. സാധാരണ ഒരു സിനിമ റിലീസാകുമ്പോള്‍ മൂന്ന് ദിവസത്തിന് മുന്‍പേ ഞാന്‍ ടെന്‍ഷനടിച്ച് തുടങ്ങും. സിനിമ ഹിറ്റായില്ലെങ്കില്‍ എന്റെ കരിയര്‍ അവസാനിച്ചു എന്നൊക്കെ ചിന്തിച്ച് ഉറക്കം വരില്ല. ഇപ്പോള്‍ അങ്ങനെയല്ല. അതൊരു ജോലിയാണെന്ന് മാത്രമായി ഞാന്‍ കണ്ടുതുടങ്ങി.
ഞാന്‍ ഒരുപാട് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. ഇപ്പോള്‍ എല്ലാം എന്റെ ഭര്‍ത്താവ് ഓഫ് ചെയ്തു. എത്ര വലിയ വഴക്കാണെങ്കിലും കൂളായാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അടുത്തിരിക്കുന്നവര്‍ക്ക് പോലും അറിയില്ല ഞങ്ങള്‍ തമ്മില്‍ വഴക്കിടുകയാണെന്ന്. ഒരു പരിധി കടന്ന് വഴക്കിടരുതെന്ന് രണ്ട് പേരും തീരുമാനിച്ചിട്ടുണ്ട്.
ദേഷ്യം കൊണ്ട് എന്തെങ്കിലും ഉറക്കെ വിളിച്ചു പറയുമ്പോഴാണ് വഴക്ക് കൂടുന്നത്. ഇങ്ങനെയാണെങ്കില്‍ വേഗം വഴക്ക് അവസാനിക്കും. യൂടേണ്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ മുടി വെട്ടിയത്. ന്യൂജെന്‍ മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രമാണ് ചെയ്യുന്നത്.