നിയമം ലംഘിച്ച് വാഹനമോടിച്ച നടിക്ക് എട്ടിന്റെ പണി കിട്ടി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിച്ച കന്നഡ നടി മൈത്രിയ ഗൗഡക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഫോണില്‍ സംസാരിച്ച് കാര്‍ ഓടിച്ചതിനെ ചോദ്യം ചെയ്ത പോലീസുകാരനെ നടി മര്‍ദ്ദിച്ചിരുന്നു.
സംഭവത്തില്‍ 3000രൂപ പിഴയും രണ്ട് വര്‍ഷം തടവുമാണ് വിധിച്ചത്. സഹയാത്രികരായിരുന്ന സഹോദരി സുപ്രിയക്കും സുഹൃത്തുക്കളായ രൂപ, രേഖ എന്നിവര്‍ക്കും കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു. മറ്റുള്ളവര്‍ 1000 രൂപ വീതം പിഴയടക്കണം. അതേസമയം കേസില്‍ ജാമ്യമെടുത്ത നാല് പേരും അപ്പീലുമായി ഉടന്‍ കോടതിയെ സമീപിക്കും.
2011-ല്‍ ബസവേശ്വര നഗറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാര്‍ തടഞ്ഞു നിര്‍ത്തിയ പൊലീസുകാരന്‍ നടിയോട് പിഴയടച്ച ശേഷം കാര്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വാക്കേറ്റം ആരംഭിച്ചത്. മൈത്രിയയെ തടഞ്ഞ ഹെഡ് കോണ്‍സ്റ്റബിള്‍ ശിവകുമാറിനെ കാറിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവരും കൂടി ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു
കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ മാനഭംഗക്കേസ് നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയാണ് മൈത്രിയ. തെളിവുകളുടെ അഭാവത്താല്‍ പൊലീസ് ഈ കേസ് അവസാനിപ്പിച്ചിരുന്നു.